കൊച്ചി: ദേവസ്വം ക്ഷേത്രങ്ങളില്‍ ഹിന്ദുക്കള്‍ കാണിക്കയിടരുത് എന്ന് കാണിച്ച് ചില ഹൈന്ദവ സംഘടനകള്‍ സോഷ്യല്‍ മീഡിയകളില്‍ നടത്തുന്ന പ്രചരണത്തിന് മറുപടിയായാണ് വി.ടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഹിന്ദുക്ഷേത്രങ്ങളിലെ ഭണ്ഡാര വരവ് അടക്കമുള്ള മുഴുവന്‍ തുകയും മതേതര ഭീകരരായ സര്‍ക്കാര്‍ ഓണ്‍ ദ സ്പോട്ട് അടിച്ചുമാറ്റി കണ്ണില്‍കണ്ട മുസ്ലിംമിനും, കൃസ്ത്യാനിക്കുമൊക്കെ വേണ്ടി ചിലവഴിക്കുന്നു, ഹിന്ദുക്കള്‍ പറ്റിക്കപ്പെടുന്നു എന്ന മട്ടിലുള്ള ഹിന്ദുത്വവാദികളുടെ പ്രചരണം സോഷ്യല്‍ മീഡിയകളിലൂടെ പൊളിച്ചടുക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ബല്‍റാം പറയുന്നു. അതിന് ശേഷമാണ് ഹിന്ദുക്കളുടെ ദുരഭിമാനത്തെ കുത്തിയിളക്കുന്ന പ്രചരണമെന്നും ബല്‍റാം ആരോപിക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ കാണിക്കയിടുന്നത് അവസാനിപ്പിച്ചാല്‍ ബോര്‍ഡ് സഹായം നല്കുന്ന ചെറിയ ക്ഷേത്രങ്ങളും അവിടുത്തെ ജീവനക്കാരും പ്രതിസന്ധിയിലാകുമെന്നാണ് ബല്‍റാമിന്റെ വിശദീകരണം.
പോസ്റ്റിന്റെ പൂര്‍ണരൂപം കാണുക-
ഹിന്ദുക്കള്‍ മണ്ടന്മാരോ വര്‍ഗ്ഗീയവാദികളോ അല്ല
അങ്ങനെ ആക്കാന്‍ ആര് എസ് എസിനെ അനുവദിക്കണോ?
മണ്ടന്മാരായ ഹിന്ദുക്കള്‍ എന്ന തലക്കെട്ടോടെ ‘എന്താ സുഹൃത്തുക്കളേ ഞെട്ടിയോ’ എന്ന് തുടങ്ങുന്ന ഒരു മെസ്സേജ് ഇപ്പോള്‍ വാട്ട്സാപ്പിലും മറ്റും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഹിന്ദുക്ഷേത്രങ്ങളിലെ ഭണ്ഡാരവരവ് അടക്കമുള്ള മുഴുവന്‍ തുകയും മതേതരഭീകരരായ സര്‍ക്കാര്‍ ഓണ്‍ ദ സ്പോട്ട് അടിച്ചുമാറ്റി കണ്ണില്‍ക്കണ്ട മുസ്ലിമിനും കൃസ്ത്യാനിക്കുമൊക്കെ വേണ്ടി ചെലവഴിക്കുന്നു, പാവം ഹിന്ദുക്കള്‍ പറ്റിക്കപ്പെടുന്നു എന്ന മട്ടിലായിരുന്നു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഹിന്ദുത്വവാദികള്‍ സ്ഥാനത്തും അസ്ഥാനത്തും പ്രചരിപ്പിച്ചിരുന്നത്. അത് ഒന്നാന്തരം കല്ലുവെച്ച നുണയായിരുന്നു എന്ന് ഈയടുത്ത കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ പൊളിച്ചടുക്കാന്‍ സാധിച്ചിട്ടുണ്ട്. അതിനുശേഷമാണു ഇപ്പോഴീ കാണുന്ന മട്ടില്‍ സെന്റി അടിച്ചും പരിഹസിച്ചും ഹിന്ദുക്കളുടെ ദുരഭിമാനത്തെ കുത്തിയിളക്കിക്കൊണ്ടുള്ള ഈ പ്രചരണം നടന്നുവരുന്നത്.
ഏതായാലും അതിന്റെ വസ്തുതകളിലേക്ക് ഒന്ന് പോയിനോക്കാം:
ഇനി മുതല്‍ ദേവസ്വം ബോര്‍ഡ് ഭരിക്കുന്ന ക്ഷേത്രങ്ങളില്‍ പണം ഇടില്ല എന്ന് പ്രതിജ്ഞ ചെയ്യാനാണു ആദ്യത്തെ വെല്ലുവിളി. പ്രിയ സുഹൃത്തുക്കളെ ആവേശം കേറി ഓരോ ആവശ്യമില്ലാത്ത പ്രതിജ്ഞ ഒന്നും ചെയ്യാന്‍ നിക്കണ്ട, കാരണം അങ്ങനെ ചെയ്താല്‍ കുത്തുപാള എടുക്കാന്‍ പോകുന്നത് അന്തിത്തിരി വെക്കാന്‍ നിവൃത്തിയില്ലാത്ത നൂറുകണക്കിനു ചെറിയ ക്ഷേത്രങ്ങളായിരിക്കും. കേരളത്തില്‍ ദേവസ്വം ബോര്‍ഡ് നിയന്ത്രണത്തിലുള്ള അപൂര്‍വ്വം ചില വലിയ ക്ഷേത്രങ്ങളിലെ വരുമാനത്തില്‍ നിന്നാണു മറ്റ് അനേകം ചെറുക്ഷേത്രങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത്. അതായത് ഒരുതരം റിസോഴ്സ് പൂളിംഗ് ആണവിടെ നടക്കുന്നത്. ഇവിടങ്ങളിലെല്ലാം കൂടി ആയിരക്കണക്കിനു ഹിന്ദുക്കളാണു വിവിധ ജോലികള്‍ ചെയ്ത് കുടുംബം പുലര്‍ത്തുന്നത്. അവരൊക്കെ പട്ടിണിയായിപ്പോകും എന്നത് ഒരു സാമുദായിക പ്രശ്നം മാത്രമല്ല, സാമൂഹിക പ്രശ്നം കൂടിയാണു.
ഇനി പറഞ്ഞ പോലെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പണമിടാതെ സ്വകാര്യ ക്ഷേത്രങ്ങളില്‍ പണമിട്ടാല്‍ എന്താവും അവസ്ഥ? അതിനുള്ള ഒടുവിലത്തെ ഉദാഹരണമാണു തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ‘തിരുവിതാംകൂര്‍ രാജാവ്'(ഇപ്പോഴങ്ങനെ ഒരു പദവി നിയമപ്രകാരം ഇല്ല) എന്ന വ്യക്തി ആരെയും തൊടീക്കാതെ ഭരിച്ചുവരുന്ന ആ ക്ഷേത്രത്തില്‍ നിന്ന് പത്തു നാനൂറു കിലോ സ്വര്‍ണ്ണമാണു കാണാതായതായി സുപ്രീം കോടതി നിയോഗിച്ച ഓഡിറ്റര്‍ വിനോദ് റായ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ബിജെപിക്കാര്‍ ഏറെ പൊക്കിപ്പിടിച്ച ടു ജി അഴിമതിയേക്കുറിച്ച് പറഞ്ഞതും ഇതേ വിനോദ് റായ് ആയിരുന്നു എന്നുള്ളതുകൊണ്ട് അദ്ദേഹത്തിനു ഇക്കാര്യത്തില്‍ മാത്രമായി തെറ്റുപറ്റില്ല എന്ന് നമുക്കങ്ങ് ഉറപ്പിക്കാമല്ലോ ല്ലേ? ഇതുമുഴുവന്‍ ആ ‘രാജാവ്’ കട്ടുകൊണ്ടുപോയി എന്ന് ഈ ഘട്ടത്തില്‍ പറയാന്‍ കഴിയില്ല. എന്നാലും സുപ്രീം കോടതി നേരിട്ടിടപെട്ട് അന്വേഷണം നടത്തിയതുകൊണ്ടാണു ഈ വിവരം ഇപ്പോഴെങ്കിലും പുറത്തുവന്നത് എന്നെങ്കിലും സാമാന്യബുദ്ധി വെച്ച് അംഗീകരിക്കുമല്ലോ. ആ അന്വേഷണത്തോട് ‘രാജകുടുംബം’ ഒട്ടും സഹകരിക്കുന്നില്ല എന്ന് കോടതിക്ക് തന്നെ പരാതിയുണ്ട്. ഈ ആരോപണമൊക്കെ ജനാധിപത്യ സര്‍ക്കാരിനെതിരെ ആയിരുന്നുവെങ്കില്‍ എന്തൊക്കെയായിരിക്കും ഇവിടത്തെ പുകില് എന്ന് ആലോചിക്കാന്‍ പോലും വയ്യ. ഏതായാലും ‘പൊന്നു തിരുമനസ്സി’ന്റെ കാര്യമായതുകൊണ്ട് ആര്‍ക്കും ഒരു പരാതിയുമില്ല. ‘രാജാവ്’ ക്ഷേത്രമുറ്റത്തുനിന്നും കാലിലെ പൊടി തട്ടിക്കുടഞ്ഞ് ശ്രീപത്മനാഭന്റെ മണല്‍ത്തരി പോലും തനിക്ക് വേണ്ടായെന്ന് പ്രഖ്യാപിക്കുന്ന രംഗം മനസ്സില്‍ ആവര്‍ത്തിച്ച് റീപ്ലേ ചെയ്ത് അളിഞ്ഞ രാജഭക്തിയുടെ ഉച്ചിഷ്ഠവും അമേദ്യവും നുണഞ്ഞിറക്കി നമുക്ക് ഏമ്പക്കമിടാം. ഏതായാലും എന്തുകൊണ്ട് ക്ഷേത്രങ്ങള്‍ കൃത്യമായ നിയമങ്ങള്‍ക്ക് കീഴില്‍, വരവു ചെലവ് കണക്കുകളൊക്കെ സമയാസമയം ഓഡിറ്റ് ചെയ്ത്, സര്‍ക്കാരിനേപ്പോലൂള്ള ഒരു പൊതുസംവിധാനത്തിനു കീഴില്‍ വരണം എന്നതിന്റെ മികച്ച ഉദാഹരണമാണു പദ്മനാഭസ്വാമി ക്ഷേത്രം. ജനാധിപത്യത്തേക്കാള്‍ വിശ്വാസം രാജഭരണത്തിലാണെങ്കില്‍ പിന്നെ അവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്ക് നല്ല നമസ്ക്കാരം.
ഏതായാലും ക്ഷേത്രങ്ങളില്‍ കൊണ്ടുപോയിട്ട് പണം കളയുന്നതിനെതിരെ ആര് എസ് എസ് ഒരു ക്യാമ്പയിന് തുടങ്ങുന്നത് ഹിന്ദു സമൂഹത്തിനു എന്തുകൊണ്ടും നല്ലതാണു. വാശി പിടിച്ചുള്ള ആനയെ എഴുന്നെള്ളിക്കല്‍, ലക്ഷക്കണക്കിനു രൂപ കത്തിച്ചുകളയുന്ന പടക്കം പൊട്ടിക്കല്‍, മറ്റ് ആര്‍ഭാടങ്ങള്‍ എന്നിവയൊക്കെ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുറച്ചുകൊണ്ടുവരാനെങ്കിലും കഴിഞ്ഞാല്‍ അതും നല്ലതായിരിക്കും. ഈ പണം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കുന്ന കാര്യത്തില്‍ ഇതര മതസ്ഥരുമായി ഒരു ഹെല്‍ത്തി കോമ്പറ്റീഷനും ആവാം. അതായിരിക്കും ഭഗവാനും സന്തോഷം എന്നറിയാന്‍ ഭഗവത് ഗീത നോക്കേണ്ട കാര്യം പോലുമില്ല.
ഇനി ശബരിമലയുടെ കാര്യം. വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് ലോകമെങ്ങുമുള്ള നാട്ടുനടപ്പാണു. അതിലെന്താണിത്ര വിലപിക്കാനെന്ന് മനസ്സിലാവുന്നില്ല. പിന്നെ റോഡിന്റെ ടോള്‍. ശബരിമലയില്‍ എത്ര ടോള്‍ റോഡ് ഉണ്ടെന്ന് അറിയില്ല. ഏതായാലും ഉണ്ടെങ്കില്‍ത്തന്നെ അതും അത്ര പുതുമയുള്ള കാര്യമല്ല. ശബരിമലയിലേക്കുള്ള റോഡുകള്‍ നന്നാക്കാന്‍ വര്‍ഷാവര്‍ഷം കോടിക്കണക്കിനു രൂപയാണു എല്ലാവരുടേതുമായ പൊതുഖജനാവില്‍ നിന്ന് സര്‍ക്കാരിനു ചെലവഴിക്കേണ്ടി വരുന്നതെന്നതെന്ന് യാഥാര്ത്ഥ്യമാണു. പാര്‍ക്കിംഗ് ഫീസും ടോളുമൊക്കെ അവിടത്തെ പുതുതായി ഏര്‍പ്പെടുത്താന്‍ പോകുന്ന വികസനത്തിനല്ല, നിലവില്‍ പൊതുപണം ഉപയോഗിച്ച് നടത്തിയ വികസനത്തിന്റെ പേരിലാണു. പിന്നെ ഇതുമുഴുവന്‍ രാഷ്ട്രീയക്കാര്‍ക്കും കോണ്ട്രാക്റ്റര്‍മ്മാര്‍ക്കും ബിനാമികള്‍ക്കുമായാണു പോകുന്നത് എന്ന് പറഞ്ഞുകൊണ്ടുള്ള കുത്ത്. അതും വികാരപരമായി ആളുകളെ പിരികേറ്റാന് വേണ്ടിയുള്ള ഒരാരോപണം മാത്രം. ജനാധിപത്യചിന്തയുടെ ഭാഗമായി വികസിച്ചുവന്ന ഒരു ആധുനിക ആശയമാണല്ലോ മതേതരത്വവും. അപ്പോള്‍പ്പിന്നെ ജനാധിപത്യത്തിനും ജനപ്രതിനിധികള്‍ക്കുമിട്ട് ഇങ്ങനെ രണ്ട് കുത്ത് കുത്താതെ വര്‍ഗ്ഗീയപ്രചരണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലല്ലോ ല്ലേ? വ്യവസ്ഥാപിതമായി ടെണ്ടര്‍ ചെയ്ത് നമ്മുടെ നാട്ടിലെ മറ്റ് ഏത് പ്രവൃത്തിയും ചെയ്യുന്ന പോലെയേ ശബരിമലയിലേയും നിര്‍മ്മാണപ്രവൃത്തികള്‍ നടക്കുന്നുള്ളൂ. അങ്ങനെയല്ലാതെ പിന്നെ എങ്ങനെയാണു അവ നടത്താന്‍ കഴിയുക?. ‘രാജാവി’നു തോന്നിയവരേ വെച്ച് പണി നടത്തുന്ന പദ്മനാഭസ്വാമി ക്ഷേത്രവുമായുള്ള താരതമ്യം ഇവിടെയും പ്രസക്തമാണു.
പിന്നെ ‘ആയിരം ശബരിമലക്ക് വേണ്ടിയുള്ള പണം ഹിന്ദു എന്ന മന്ദബുദ്ധികള്‍ ഇട്ടുകഴിഞ്ഞു’ എന്ന നിങ്ങളുടെ വാക്കുകള്‍. വീണ്ടും ആളുക്കളെ വൈകാരികമായി ഇളക്കാന്‍ വേണ്ടിയുള്ള പിരികേറ്റല്‍ മാത്രം. അതേപ്പോലെത്തന്നെയാണു കടമുറികളിലെ വരുമാനവും മറ്റും. പിന്നെ ഉപയോഗിക്കുന്ന വൈദ്യുതിക്ക് ചാര്‍ജ്ജ് ഈടാക്കേണ്ട എന്നതാണോ ആവശ്യം? അങ്ങനെയാണെങ്കില്‍ സോറി, ഒട്ടും യോജിപ്പില്ല. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന ഉയര്‍ന്ന താരീഫ് തന്നെയാണു ശബരിമല അടക്കമുള്ള എല്ലാ വന്‍ കിട ഉപഭോക്താക്കളില്‍ നിന്നും ഈടാക്കേണ്ടത്. ഏതായാലും ശബരിമലയിലെ വരവ് ചെലവ് കണക്കുകളൊക്കെ കൃത്യമായി ഓഡിറ്റ് ചെയ്ത് പ്രസിദ്ധപ്പെടുത്തുന്നുണ്ട്. വിവരാവകാശ നിയമപ്രകാരം ആര്‍ക്കും പരിശോധിക്കാവുന്ന പബ്ലിക് ഡോക്യുമെന്റുകളാണവ. അതിലെ എന്തെങ്കിലും വസ്തുതകള്‍ ചൂണ്ടിക്കാട്ടി ആരോപണമുന്നയിച്ചാല്‍ അത് പരിശോധിക്കാം, അല്ലാതെ കാടടച്ച് വെടിവെക്കുന്നത് എന്ത് ഉദ്ദേശത്തോടെയാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാവും.
അന്യസംസ്ഥാനത്തുനിന്നും വരുന്ന ഭക്തരുടെ വാഹനങ്ങള്‍ക്ക് കേരളത്തില്‍ ഒരു നികുതിയും ഏര്‍പ്പെടുത്തുന്നില്ല. നാമമാത്രമായ എന്‍ട്രി ഫീസ് ഉണ്ടോ എന്നറിയില്ല. ഏതായാലും കേരള രജിസ്റ്റ്രേഷന് വാഹനങ്ങള്‍ കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് പോകുമ്പോള്‍ അവര്‍ ഈടാക്കുന്ന ഫീസിന്റെ നാലിലൊന്ന് പോലും നാം ഇവിടെ തിരിച്ച് ഈടാക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ഈ ഫീസ് കാര്യമായി ഉയര്‍ത്തുകയാണു വേണ്ടത്. പോലീസ് അടക്കം ഒരു മതനിരപേക്ഷ സംവിധാനത്തിന്റെ എന്തെല്ലാം സേവനങ്ങള്‍ ശബരിമല അടക്കമുള്ള വ്യത്യസ്ത മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കെന്ന പേരില്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്നുണ്ടോ അതിനു കൃത്യമായ ചാര്‍ജ്ജ് ഈടാക്കി അത് ഖജനാവിലേക്ക് മുതല്‍ക്കൂട്ടുക തന്നെയാണു വേണ്ടത്. കാരണം സ്റ്റേറ്റ് എന്നത് മതവിശ്വ്വാസികളുടേത് മാത്രമല്ലല്ലോ, ഒരുമതത്തിലും വിശ്വാസമില്ലാത്ത മനുഷ്യരുടേത് കൂടിയാണു ഇവിടത്തെ പൊതുപണം. പാവപ്പെട്ടവന്റെ നികുതിപ്പണം ഭക്തിവ്യവസായത്തെ വളര്‍ത്താനുള്ളതല്ല. അതിനേക്കാള്‍ പ്രാധാന്യമുള്ള മറ്റൊരുപാട് കാര്യങ്ങള്‍ ഇവിടെയുണ്ട്. സ്വന്തം വ്യക്തിപരമായ വിശ്വാസത്തിനായി സ്റ്റേറ്റിന്റെ സേവനം ഉപയോഗിക്കുന്നവര്‍ അതിന്റെ ചെലവും വഹിക്കുക എന്നത് തന്നെയാണു ന്യായം.
അവസാനത്തെ പൂഴിക്കടകനാണു മാസ്റ്റര്‍പ്പീസ്. തുടക്കത്തില്‍പ്പറഞ്ഞ ‘മണ്ടന്‍’ വിളി ആവര്‍ത്തിച്ചുകൊണ്ട് ‘ഹിന്ദുവിന്റെ ആരാധനാലങ്ങളിലെ പണം എടുത്തുകൊള്ളൂ, പക്ഷേ, തുല്ല്യമായ പണം മറ്റ് മതസ്ഥരുടേയും എടുക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാരിനു ഉണ്ടാകണം’ എന്നതാണല്ലോ ആവശ്യം. ചരിത്രബോധം എന്നത് ഏഴയലത്തുകൂടി പോയിട്ടില്ല എന്നതിന്റെ തെളിവാണിത്. കേരളത്തിലെ ഹിന്ദുക്ഷേത്രങ്ങളും ഇതരമതസ്ഥരുടെ ആരാധനാലയങ്ങളും തമ്മില്‍ അടിസ്ഥാനപരമായിത്തന്നെയുള്ള വ്യത്യാസമുണ്ട്. കേരളം ഭരിച്ചിരുന്നത് ഏതാണ്ട് മുഴുവനായും ഹിന്ദു രാജാക്കന്മാരാണു. ഒരു ചെറിയ പ്രദേശത്ത് കുറച്ചുകാലം സാമൂതിരിയുടെ കീഴില്‍ നിലനിന്നിരുന്ന അറക്കല്‍ രാജവംശമൊഴിച്ച്. സമൂഹത്തിലാണെങ്കില്‍ അവര്‍ണ്ണര്‍ക്കും ദളിതര്‍ക്കും കാലുകുത്താന്‍ മണ്ണു നല്‍കാതെ ഉള്ള ഭൂമിയൊക്കെ സവര്‍ണ്ണ ജന്മിമാര് കയ്യടക്കി വെച്ചിരുന്നു. ഈ അധികാരത്തിന്റേയും സാമൂഹികാവസ്ഥയുടേയും ഭാഗമായാണു ഇന്നുള്ള തൊണ്ണൂറു ശതമാനം ഹിന്ദുക്ഷേത്രങ്ങളും അവിടത്തെ സമ്പത്തുമുണ്ടായത്. അതുകൊണ്ട് രാജഭരണകാലത്തുതന്നെ ക്ഷേത്രങ്ങള്‍ പൊതു ഉടമസ്ഥതയിലായിരുന്നു. രാജഭരണം പോയപ്പോല്‍ അവയൊക്കെ ജനാധിപത്യ സര്‍ക്കാരിന്റെ ചുമതലയിലായി എന്ന് മാത്രം. അത് കൃത്യമായ നിയമങ്ങളുണ്ടാക്കി വ്യവസ്ഥാപിതമായി പരിപാലിച്ചു പോരുന്നു എന്നതാണിന്ന് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ ഇതര മതസ്ഥരുടെ ആരാധനാലയങ്ങളുടെ സ്ഥിതി പൊതുവില്‍ ഇതല്ല. പഴയ രാജാക്കന്മാര് നിര്‍മ്മിച്ചുകൊടുത്ത ചുരുക്കം ചില പള്ളികള്‍ ഒഴിച്ചാല്‍ ബാക്കി മഹാഭൂരിപക്ഷം പള്ളികളും ഉണ്ടാക്കിയിരിക്കുന്നത് അതത് മതസ്ഥര്‍ സ്വന്തം നിലക്കാണു. അതുകൊണ്ട് അവിടങ്ങളില്‍ സര്‍ക്കാരിന്റെ നിയന്ത്രണം അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമേ അത് വേണ്ടൂ. പത്മനാഭസ്വാമി ക്ഷേത്രത്തിലേത് പോലെ വന്‍ തോതില്‍ നിധിയെങ്ങാനും ഏതെങ്കിലും പള്ളിയില്‍ നിന്ന് കണ്ടെത്തിയാല്‍ അവിടെയും സര്‍ക്കാരിന്റെ നിയന്ത്രണം ഉണ്ടാവണമെന്ന് തന്നെയാണു നമ്മുടെയൊക്കെ അഭിപ്രായം. സ്വന്തമായി ക്ഷേത്രങ്ങളുണ്ടാക്കിയ എസ് എന്‍ ഡി പി പോലുള്ളവരുടെ ക്ഷേത്രകാര്യങ്ങള്‍ അവര്‍ തന്നെയാണു നോക്കിനടത്തുന്നത്, സര്‍ക്കാര്‍ അതില്‍ ഇടപെടുന്നില്ല എന്നതും ഓര്‍ക്കാവുന്നതാണു.
ഹിന്ദുക്കളെ ഉണര്‍ത്താന്‍ ശശികലയും കൂട്ടരും കൊണ്ടുപിടിച്ച് ശ്രമം തുടങ്ങിയിട്ട് കാലം കുറെയായി. ഹിന്ദു ഉണരുന്നത് നല്ലതു തന്നെ. എന്നാല്‍ മുഴുവന്‍ ഉണരാതെ ഉറക്കപ്പിച്ചില്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുന്ന മട്ടിലാവരുത് എന്ന് മാത്രം. എന്താണു ഇന്ത്യയിലെ ഹിന്ദുക്കളുടെ യഥാര്‍ത്ഥ പ്രശ്നമെന്ന് ഈ അഭിനവ രക്ഷകര്‍ക്ക് വല്ല ബോധ്യവുമുണ്ടോ? ആര് എസ് എസിനേ സംബന്ധിച്ച് ഹിന്ദുക്കള്‍ എന്നാല്‍ സവര്‍ണ്ണ ജാതികളില്‍ പെട്ട ഹിന്ദുക്കള്‍ മാത്രമാണെന്നതാണു സത്യം. അവര്‍ണ്ണ ജാതികളില്‍പ്പെട്ട ചിലരെയൊക്കെ പേരിനു ഉയര്‍ത്തിക്കാട്ടുമെങ്കിലും അത്തരം സമൂഹങ്ങളുടെ യഥാര്‍ത്ഥ സാമൂഹിക പുരോഗതിക്കായുള്ള ഒരു അജണ്ടയും ആര് എസ് എസിനില്ല. ഇന്ത്യയിലെ മഹാഭൂരിപക്ഷം ദളിത്, പിന്നാക്ക ഹിന്ദുക്കളും കൊടിയ പീഢനങ്ങള്‍ നേരിടുന്നത് മറ്റ് മതസ്ഥരില്‍ നിന്നല്ല, മറിച്ച് ഹിന്ദുക്കളിലെത്തന്നെ മേല്‍ജാതിക്കാരില്‍ നിന്നാണു. സ്വന്തമായി ഒരുതുണ്ട് ഭൂമി പോലുമില്ലാത്ത ദളിത്, പിന്നാക്ക ഹിന്ദുക്കള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനായി സമഗ്രമായ ഭൂപരിഷ്ക്കരണം രാജ്യം മുഴുവന്‍ നടത്തണമെന്ന് ആവശ്യപ്പെടാന്‍ ആര് എസ് എസ് തയ്യാറുണ്ടോ? കഴിഞ്ഞ യു.പി.എ.സര്‍ക്കാര്‍ തയ്യാറാക്കിയ കരട് ഭൂപരിഷ്ക്കരണ നിയമം ഇപ്പോഴും പൊടിപിടിച്ച് കിടപ്പുണ്ട്. അത് എത്രയും പെട്ടെന്ന് പാര്‍ലമെന്റിലെ മഹാഭൂരിപക്ഷമുപയോഗിച്ച് നിയമമാക്കാന്‍ ഇന്നത്തെ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തയ്യാറായാല്‍ ഹിന്ദു സംരക്ഷകര്‍ എന്ന വിശേഷണത്തോട് കുറച്ചെങ്കിലും നീതിപുലര്‍ത്താന്‍ ആര് എസ് എസിനു കഴിയും.
സംവരണക്കാര്യത്തിലും അങ്ങേയറ്റം പ്രതിലോമകരവും മെറിറ്റിന്റെ പേരിലുള്ള സവര്‍ണ്ണ താത്പര്യങ്ങളുടെ സംരക്ഷണപരവുമാണു ആര് എസ് എസ് നിലപാട്. സംവരണം പൂര്‍ണ്ണമായി എടുത്തുകളയാനാണു അവര്‍ ആവശ്യപ്പെടുന്നത്. ഇതുവരെയുള്ള അനുഭവം വെച്ച് ദളിത്, പിന്നാക്ക ഹിന്ദുക്കളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനും അധികാര പങ്കാളിത്തത്തിനും വലിയ പ്രയോജനം ചെയ്ത ഒന്നാണു സംവരണം. എന്നാല്‍ ഇനിയും ഈ ദിശയില്‍ നമുക്ക് ഏറെ മുന്നോട്ടുപോകാനുണ്ട്. ഇന്ന് സര്‍ക്കാര്‍ മേഖലയില്‍ മാത്രമാണു സംവരണം നല്കപ്പെടുന്നത്. എന്നാല്‍ ജനസംഖ്യയില്‍ വെറും രണ്ട് ശതമാനം പേര്‍ക്കാണു ആകെ സര്‍ക്കാര്‍ ജോലി ലഭിക്കുന്നത്. ബാക്കിയുള്ള 98% ജനങ്ങളും ആശ്രയിക്കുന്ന സ്വകാര്യമേഖലയിലേക്ക് കൂടി സംവരണം വ്യാപിപ്പിക്കുകയാണു ഇതിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുന്നതിനു ഇനി ചെയ്യാനുള്ളത്. ഈ ലോകസഭാ തെരഞ്ഞെടുപ്പില്‍ യു.പി.എ.യുടെ പ്രകടന പതികയില്‍ ഉള്‍പ്പെടുത്തപ്പെട്ടിരുന്ന ഈ വിഷയത്തില്‍ ആര് എസ് എസിന്റെ മാത്രമല്ല, പഴയ സംവരണ വിരുദ്ധ സമരക്കാരുടെ ഇപ്പോഴത്തെ താവളമായ ആം ആദ്മി പാര്‍ട്ടിയുടെയും നിലപാട് വ്യക്തമാക്കപ്പെടേണ്ടതുണ്ട്.
കാടടച്ച് വെടിവെച്ചും കണ്ണടച്ച് ഇരുട്ടാക്കിയും ഒരേ നുണ നൂറ്റൊന്നാവര്‍ത്തിച്ചും യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിട്ടും ഹൈന്ദവവികാരം ആളിക്കത്തിച്ച് വോട്ടുബാങ്ക് ഉണ്ടാക്കാനുള്ള ശ്രമം മാത്രമാണു ഇത്തരം പ്രചരണങ്ങളുടെ പിറകിലുള്ളത്. നിഷ്ക്കളങ്കരായ ഹൈന്ദവ സഹോദരന്മാര് കാര്യമറിയാതെ അതില്‍ വീണുപോകുന്നു എന്ന് മാത്രം. ബഹുമതസമൂഹമായ ഇന്ത്യയില്‍ പരസ്പരം ദുരാരോപണങ്ങളുന്നയിച്ച് ആളുകളുടെ മനസ്സില്‍ സംശയം ഉണ്ടാക്കിയാല്‍ പിന്നെ ഈ നാടിനെ പിടിച്ചാല്‍ കിട്ടില്ല. ‘ഹിന്ദു രാഷ്ട്രം’ എന്നൊക്കെ കേള്‍ക്കുമ്പൊള്‍ പലര്‍ക്കും ആവേശം വരുന്നുണ്ടായിരിക്കും. എന്നാല്‍ പ്രയോഗതലത്തില്‍ ഉണ്ടാകാന്‍ പോകുന്നത് ഒരു ‘ഹിന്ദു പാക്കിസ്ഥാന്’ എന്നത് മാത്രമാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ നന്ന്. ഇപ്പോഴത്തെ പാകിസ്ഥാന്റെയോ അഫ്ഗാനിസ്ഥാന്റെയോ ഒരു ഹിന്ദു പകര്‍പ്പ് ഇവിടെ ഉണ്ടായാല്‍ എന്തായിരിക്കും സാധാരണ ഹിന്ദുക്കള്‍ക്കുള്ള നേട്ടമെന്ന് ഒന്ന് ചിന്തിച്ചു നോക്കുന്നത് നല്ലതാണു. മനുഷ്യര്‍ക്ക് മനസ്സമാധാനത്തോടെ കിടന്നുറങ്ങാന്‍ സാധിക്കുന്നത് മതരാഷ്ട്രങ്ങളിലല്ല, മതേതര ജനാധിപത്യം പുലരുന്ന രാജ്യങ്ങളിലാണു എന്നതാണു ലോകം മുഴുവനുമുള്ള അനുഭവം.
അങ്ങനെ ചിന്തിക്കാനും മനസ്സിലാക്കാനും കഴിയുന്നവര്‍ക്ക് വേണമെങ്കില്‍ ഇത് ഫോര്‍വ്വേഡ് ചെയ്യാം. അല്ലാത്തവര്‍ക്ക് പഴയപടി വര്‍ഗ്ഗീയ പ്രചരണങ്ങള്‍ ആവര്‍ത്തിച്ച് നാടിന്റെ മനസ്സമാധാനം കളയാം.
ജയ് ഹിന്ദ്.
@@@@@@@@@@@@@@@
The message being spread in the social media:
മണ്ടന്മാരായ ഹിന്ദുക്കള്‍
എന്താ സുഹൃത്തേ ഒന്നു ഞെട്ടിയോ? സത്യമാണത്. നമ്മള് എപ്പോഴും നിലവിളിക്കും ഹിന്ദുക്കളുടെ ക്ഷേത്രങ്ങളിപണം മുഴുവന്‍ ദേവസ്വം ബോര്‍ഡ് കൊണ്ടു പോകുന്നു എന്ന്.. ഒന്ന് ചിന്തിക്കൂ അവിടെ പണം കൊണ്ടിടുന്നതാരാ? ഹിന്ദു എന്ന ബുദ്ധിശൂന്യന് തന്നെ. ഇനിമുതല്‍ ദേവസ്വം ബോര്‍ഡ് ഭരിക്കുന്ന ക്ഷേത്രങ്ങളില്‍ പണം ഇടില്ല എന്നു പ്രതിജ്ഞ ചെയ്യൂ.. നിര്‍ബന്ധം ആണെങ്കില്‍ കുറച്ചു പൂക്കളോ കുറച്ചു പഴങ്ങളോ കുറച്ച് ഇലകളോ കുറച്ച് വെള്ളമോ കൊണ്ടു പോയ്ക്കോളൂ ഭഗവാന് ഏറ്റവും സന്തോഷമാകും സംശയം ഉള്ളവര്‍ ഭഗവത്ഗീത നോക്കിക്കോളൂ.. ഹിന്ദു അമ്പലങ്ങളില്‍ ഇടുന്ന പൈസ ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലും നല്ലതല്ലേ.. അതായിരിക്കില്ലേ ഭഗവാനും സന്തോഷം…
*
ശബരിമലയില്‍ പോയിട്ടുള്ളവര്‍ക്കറിയാം അവിടെ പാര്‍ക്കിങ്ങിനും പൈസകൊടുക്കണം റോഡില്‍ ടോളും കൊടുക്കണം എന്ന് അതിനു പറയുന്ന ന്യായം ശബരിമല വികസനത്തിനാണെന്നാണ്. പച്ചക്കള്ളമാണത് ഈ പണം പോകുന്നത് ഉദ്യോഗസ്തരുടെയും രാഷ്ട്രീയക്കാരുടെയും ബിനാമികളുടെ കൈകളിലേക്കും റോഡുനിര്‍മ്മാണ കമ്പനികളിലേക്കുമാണ്… ആയിരം ശബരിമലകള് വികസിപ്പിക്കേണ്ട പണം ഇപ്പോള്‍ തന്നെ ഹിന്ദു എന്ന മന്ദബുദ്ധികള്‍ ഇട്ടുകഴിഞ്ഞു.. ഇനിമുതല്‍ കൊടുക്കാതിരിക്കൂ പ്രശ്നം ഉണ്ടാകട്ടെ ആള്ക്കാര് ചര്‍ച്ച ചെയ്യട്ടെ…
ശബരിമലയിലെ ഭണ്ഡാരം വരവു മാത്രമെ നമ്മള് കേള്‍ക്കാറുള്ളൂ.. ശബരിമലയിലെ കടമുറികള്‍ക്ക് ഒരു വര്‍ഷത്തെ വാടക പത്തും ഇരുപതും ലക്ഷങ്ങളാണ് ഒരു വര്‍ഷത്തെ വൈദ്യുതി കണക്ഷന് ചാര്‍ജ് മാത്രം ലക്ഷങ്ങളാണ്. പോലീസിന്റെ സേവനത്തിനും ദേവസ്വം ഗവണ്മെന്റിന് കോടികള്‍ കൊടുക്കുന്നുണ്ട്. അന്യസംസ്ഥാനത്തു നിന്നും തിര്ത്ഥാടനത്തിനു വരുന്ന ഭക്ത്!രുടെ വാഹനങ്ങളില്‍ നിന്നും കോടികള്‍ നികുതിയിനത്തില്‍ പിഴിയുന്നുണ്ട്. അവര്‍മൂലം സംസ്ഥാനത്തുണ്ടാകുന്ന കച്ചവടത്തിന്റെ വരുമാനം വേറെയും ഇതൊന്നും നമ്മളില്‍ പലര്‍ക്കും അറിയില്ല.. ഇതു വളരെ ചെറിയ ഉദാഹരണങ്ങള്‍ മാത്രം. ഇനി പറയൂ തുടക്കത്തില്‍ പറഞ്ഞ വാചകത്തില്‍ വല്ല തെറ്റും ഉണ്ടോ മണ്ടന്മാരല്ലെ നമ്മള്… ഹിന്ദുവിന്റെ ആരാധനാലയങ്ങളിലെ പണം എടുക്കുന്നെങ്കില്‍ എടുത്തോളൂ പക്ഷെ തുല്യമായ പണം മറ്റ് മതസ്ഥ രുടെയും എടുക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാരിനു ഉണ്ടാകണം. പ്രതികരിക്കാതെ എല്ലാം സഹിക്കുന്ന ഒരു സമൂഹത്തെ കൊള്ളയടിക്കുന്നത് മതനിരപേക്ഷ സര്‍ക്കാരിന് യോജിച്ചതല്ലല്ലോ…
ഉണരൂ ഹിന്ദൂ എന്നു പറയുന്നില്ല കാരണം ഹിന്ദു ഉണര്‍ന്നിരിക്കുകയാണ് ഇനി പ്രവര്‍ത്തിക്കുകയാണു വേണ്ടത്..
ആലോചിച്ചു നില്‍ക്കാതെ ഒരു പത്തു പേര്‍ക്കെങ്കിലും ഫോര്‍വേര്‍ഡ് ചെയ്യൂ ബോധവത്കരണമാണ് മാറ്റത്തിലേക്കുള്ള ഏറ്റവും നല്ലവഴി.
Discussion about this post