ന്യൂഡൽഹി : വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐകൾ) ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ ഇടിച്ചുകയറ്റം നടത്തുന്നതായി റിപ്പോർട്ട്. യുഎസ്-ഇന്ത്യ വ്യാപാര കരാറിന് പിന്നാലെ വൻ കുതിപ്പാണ് എഫ്‌പിഐ നിക്ഷേപങ്ങളിൽ ഉണ്ടായിട്ടുള്ളത്. ഫെബ്രുവരിയിൽ ഇതുവരെ 19,675 കോടി രൂപയുടെ വിദേശ നിക്ഷേപം ആണ് ഇന്ത്യൻ ഓഹരി വിപണിയിലേക്ക് എത്തിയത്.
യുഎസ്-ഇന്ത്യ വ്യാപാര കരാറിനെക്കുറിച്ചുള്ള പ്രതീക്ഷകളും ആഗോള സാമ്പത്തിക അന്തരീക്ഷം മയപ്പെടുത്തുന്നതും ഇതിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഡിപ്പോസിറ്ററി ഡാറ്റ പ്രകാരം, കഴിഞ്ഞ കുറച്ച് മാസങ്ങളായി എഫ്പിഐകൾ ഇന്ത്യൻ വിപണിയിൽ നിന്ന് വലിയ അളവിൽ ഓഹരികൾ വിറ്റഴിച്ചിരുന്നു. എന്നാൽ യുഎസുമായുള്ള വ്യാപാര കരാർ യാഥാർത്ഥ്യമായതോടെ വിദേശനിക്ഷേപകർ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
വിദേശ നിക്ഷേപകർക്കിടയിൽ സമീപകാല നിക്ഷേപങ്ങൾ മെച്ചപ്പെട്ട ആത്മവിശ്വാസം കാണിക്കുന്നുവെന്ന് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നു. എന്നാൽ ഈ വേഗത നിലനിർത്തുന്നതിന് ആഗോള വിപണികളിൽ സ്ഥിരതയും വ്യാപാര, ധനനയങ്ങളിൽ വ്യക്തതയും ആവശ്യമാണ്.









