തലസ്ഥാനത്ത് ‘ചലോ സംസദ്’ മാർച്ചിന്റെ പേരിൽ അക്രമവും ഗതാഗത തടസ്സവും സൃഷ്ടിച്ച കോക്ക്റോച്ച് ജനതാ പാർട്ടി (CJP) വക്താവ് വിജേത ദാഹിയയെ പാർട്ടി സ്ഥാനങ്ങളിൽ നിന്നും ചുമതലകളിൽ നിന്നും പുറത്താക്കി. ദില്ലിയിൽ പാർട്ടിയുടെ പ്രതിഷേധ മാർച്ചിനിടെയും പോലീസും സമരക്കാരും തമ്മിൽ വാക്കുതർക്കങ്ങൾ നടക്കുന്നതിനിടെയും സമീപത്തെ മാളിലെ ‘ബർഗർ കിംഗ്’ ഔട്ട്‌ലെറ്റിലിരുന്ന് പാനീയങ്ങളും ബർഗറും ആസ്വദിക്കുന്ന വിജേതയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായിരുന്നു. ഇതോടെയാണ് അടിയന്തര നടപടിയുമായി സിജെപി രംഗത്തെത്തിയത്.
പ്രതിഷേധക്കാരും പ്രവർത്തകരും തെരുവിൽ ബഹളമുണ്ടാക്കുമ്പോൾ വക്താവ് റെസ്റ്റോറന്റിൽ ശാന്തമായി ഇരുന്ന് ബർഗർ കഴിക്കുന്നത് അങ്ങേയറ്റം സംവേദനക്ഷമതയില്ലാത്തതും അച്ചടക്കലംഘനവുമാണെന്ന് സിജെപി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾക്കും തത്ത്വങ്ങൾക്കും ചേരാത്ത രീതിയിലാണ് വിജേത പെരുമാറിയതെന്നും അതിനാൽ അദ്ദേഹത്തെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും ചുമതലകളിൽ നിന്നും നീക്കം ചെയ്യുകയാണെന്നും പാർട്ടി നേതൃത്വം അറിയിച്ചു.
അതേസമയം, വീഡിയോ വൈറലായതിന് പിന്നാലെ വൻ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സാദാരണക്കാരെയും അണികളെയും റോഡിലിറക്കി പോലീസിനു നേരെ തിരിച്ചുവിട്ട്, നേതാക്കൾ മാളുകളിൽ ബർഗർ തിന്ന് സുഖിക്കുകയാണെന്ന പരിഹാസം ശക്തമായിട്ടുണ്ട്. വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയ വിജേത ദാഹിയ, “താൻ വിശപ്പുള്ളതുകൊണ്ടാണ് ഭക്ഷണം കഴിച്ചതെന്നും ഇതിൽ ആരോടും മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും” പ്രതികരിച്ചത് വിവാദം കൂടുതൽ രൂക്ഷമാക്കി. രാജ്യ തലസ്ഥാനത്ത് നാടകീയമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഇത്തരം പ്രസ്ഥാനങ്ങളുടെ യഥാർത്ഥ മുഖമാണ് സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്നാണ് പൊതുജന പ്രതികരണം.










