ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിൽ മുസ്ലീങ്ങൾ കേവലം മതപരമായ സ്വത്വത്തിന്റെ പേരിൽ പ്രത്യേകമായി സംഘടിക്കുന്നത് ഗുണകരമല്ലെന്ന് ചൂണ്ടിക്കാട്ടി സമസ്ത യുവ പണ്ഡിതൻ ശുഹൈബുൽ ഹൈതമി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ സംവാദത്തിനും വിവാദത്തിനും വഴിതുറന്നു. വിമർശനം കടുത്തതോടെ ഇദ്ദേഹം പോസ്റ്റിന്റെ പബ്ലിക് വിസിബിലിറ്റി മാറ്റി സ്വന്തം അക്കൗണ്ടിൽ മാത്രം കാണാൻ കഴിയുന്ന തരത്തിൽ ‘ഒൺലി മീ’ ആക്കി മാറ്റുകയായിരുന്നു.
ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്ത് മുസ്ലീങ്ങൾ തങ്ങളുടെ മതപരമായ സ്വത്വം അടിസ്ഥാനമാക്കി മാത്രം സംഘടിക്കാൻ തുനിഞ്ഞാൽ, അത് മറ്റ് സമുദായങ്ങളിലും സമാനമായ പ്രതികരണങ്ങൾ ഉണ്ടാക്കാൻ ഇടയാക്കുമെന്നാണ് ശുഹൈബുൽ ഹൈതമി തൻ്റെ പോസ്റ്റിൽ വാദിച്ചത്. കേവലം വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനും സംഘടിത സ്വത്വത്തിനും പകരം, ഇന്ത്യയിലെ സെക്കുലർ രാഷ്ട്രീയ പാർട്ടികളോട് ചേർന്നുനിന്ന് പ്രവർത്തിക്കുകയാണ് മുസ്ലീങ്ങൾക്ക് കൂടുതൽ നല്ലതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ ഒരു ‘ഇസ്ലാമിക് വ്യവസ്ഥ’ സ്ഥാപിക്കുക എന്നതായിരുന്നു ‘പ്ലാൻ എ’ എന്നും അത് നടക്കാത്തതുകൊണ്ടാണ് ഇപ്പോഴത്തെ ജനാധിപത്യ വ്യവസ്ഥയെ ‘പ്ലാൻ ബി’ ആയി സ്വീകരിച്ചതെന്നുമുള്ള വാദങ്ങളെ പൂർണ്ണമായി തള്ളിക്കളഞ്ഞ അദ്ദേഹം, വിദ്യാഭ്യാസപരവും സാംസ്കാരികവും ആത്മീയവുമായ പുരോഗതിയിലൂടെ രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവുകയാണ് വേണ്ടതെന്നും വ്യക്തമാക്കി.
അതേസമയം, തൻ്റെ പരാമർശങ്ങൾ വൻതോതിൽ തെറ്റിദ്ധരിക്കപ്പെട്ടതിനാലാണ് പോസ്റ്റ് മാറ്റിസ്ഥാപിച്ചതെന്ന് ശുഹൈബുൽ ഹൈതമി പിന്നീട് വ്യക്തമാക്കി. ജന്തർ മന്ദിറിൽ നടന്ന പ്രക്ഷോഭത്തിന് ശേഷം രാജ്യത്തെ 20 കോടിയോളം വരുന്ന മുസ്ലീങ്ങൾ ഒന്നടങ്കം ഇത്തരത്തിൽ തെരുവിലിറങ്ങി സംഘടിക്കണമെന്ന് സോഷ്യൽ മീഡിയയിൽ ചിലർ ഉന്നയിച്ച തെറ്റായ പ്രചാരണങ്ങൾ കണ്ടാണ് താൻ ഇത്തരമൊരു കുറിപ്പെഴുതിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.









