ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് 180 യാത്രക്കാരുമായി പറന്ന ഫ്‌ളൈദുബായ് ബോയിങ് 737 മാക്‌സ് വിമാനത്തിൽ അപ്രതീക്ഷിത അടിയന്തര സാഹചര്യം. യാത്രയ്ക്കിടെ വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. 34,000 അടി ഉയരത്തിൽ സഞ്ചരിച്ചിരുന്ന വിമാനം വെറും രണ്ട് മിനിറ്റിനുള്ളിൽ 16,600 അടിയിലേക്ക് താഴ്ന്നതും തുടർന്ന് ഫ്‌ളൈറ്റ് ട്രാക്കിങ് സൈറ്റുകളിൽ നിന്ന് അപ്രത്യക്ഷമായതും ആശങ്ക വർധിപ്പിച്ചു.
ഇതിനിടെ വിമാനത്തിന്റെ ട്രാൻസ്‌പോണ്ടറിൽ നിന്ന് ഹൈജാക്കിങ് സൂചിപ്പിക്കുന്ന ‘7500’ എന്ന അടിയന്തര കോഡ് പുറത്തുവന്നതോടെ സംഭവത്തിന്റെ ഗൗരവം വർധിച്ചു. സാഹചര്യത്തെ തുടർന്ന് ഇസ്രയേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ വിമാനത്തെ നിരീക്ഷിക്കുന്നതിനായി പുറപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും അടിയന്തര കൂടിയാലോചനകൾ നടത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ വിമാനത്തിൽ യഥാർഥ ഹൈജാക്കിങ് നടന്നിട്ടില്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിലയിരുത്തൽ. കോക്ക്പിറ്റിൽ പൈലറ്റുമാർ തമ്മിലുണ്ടായ കടുത്ത തർക്കത്തിനിടെയാണ് അടിയന്തര കോഡ് സന്ദേശം നൽകപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം ‘7500’ കോഡ് എങ്ങനെ സജീവമായി, സംഭവത്തിന് പിന്നിൽ സാങ്കേതിക തകരാറാണോ മറ്റേതെങ്കിലും സുരക്ഷാ പ്രശ്‌നമാണോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ പരിശോധന തുടരുകയാണ്. തബൂക്കിൽ വിമാനം സുരക്ഷിതമായി ഇറങ്ങിയതോടെ 180 യാത്രക്കാരും സുരക്ഷിതരായതായി റിപ്പോർട്ടുകൾ പറയുന്നു.









