കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച പുരപ്പുറ സോളാർ സബ്സിഡി പദ്ധതിയായ ‘പിഎം സൂര്യഘർ മുഫ്ത് ബിജ്‍ലി’ യോജനയ്ക്ക് രാജ്യത്തുടനീളം വൻ ജനപ്രീതി. പദ്ധതി ആരംഭിച്ചതിന് ശേഷം അതിവേഗത്തിലുള്ള വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇപ്പോൾ ഓരോ 6 ദിവസത്തിലും ഒരുലക്ഷം പുതിയ കുടുംബങ്ങളാണ് പദ്ധതിയുടെ ഭാഗമാകാൻ രജിസ്റ്റർ ചെയ്യുന്നത്. രാജ്യത്തുടനീളം ഇതുവരെ 49.44 ലക്ഷം വീടുകളിൽ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞു.
2026-ന്റെ അവസാനത്തോടെ രാജ്യത്തെ 75 ലക്ഷം വീടുകളിൽ പുരപ്പുറ സോളാർ പാനലുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് കേന്ദ്ര സർക്കാർ അതിവേഗം അടുക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയ സ്വീകാര്യത നേടിയ ഈ പദ്ധതിക്കായി 75,021 കോടി രൂപയാണ് കേന്ദ്രസർക്കാർ നീക്കിവെച്ചിരിക്കുന്നത്. ഇതിനകം തന്നെ ഉപഭോക്താക്കൾക്കായി 27,855.99 കോടി രൂപ സബ്സിഡി ഇനത്തിൽ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിക്കഴിഞ്ഞു.
2024-ൽ പദ്ധതി ആരംഭിച്ച ഘട്ടത്തിൽ ആദ്യത്തെ ഒരുലക്ഷം ഉപഭോക്താക്കളെ നേടാൻ 118 ദിവസത്തോളം നീണ്ട സമയമെടുത്തിരുന്നു. എന്നാൽ പദ്ധതിയെക്കുറിച്ചുള്ള അവബോധം ഉയർന്നതോടെ ഉപഭോക്താക്കളുടെ എണ്ണം 20 ലക്ഷത്തിലെത്തിയപ്പോൾ ഓരോ ലക്ഷം പേരും പദ്ധതിയുടെ ഭാഗമാകാൻ വേണ്ടിവന്ന സമയം 19 ദിവസമായി കുറഞ്ഞു. അത് ഇപ്പോൾ കേവലം 6 ദിവസമായി ചുരുങ്ങിയത് പദ്ധതിയുടെ വമ്പൻ ജനപ്രീതിയാണ് കാണിക്കുന്നത്. പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്നതിനൊപ്പം അധിക വൈദ്യുതി കെഎസ്ഇബി ഉൾപ്പെടെയുള്ള വൈദ്യുതി ബോർഡുകൾക്ക് വിറ്റ് പണം സമ്പാദിക്കാനും സാധിക്കും എന്നതാണ് മലയാളികൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കളെ ഈ പദ്ധതിയിലേക്ക് ആകർഷിക്കുന്നത്.







