ഭാരതീയ ജനസംഘം നേതാവും പ്രമുഖ ചിന്തകനുമായ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായയുടെ 110-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ പാർക്കിൽ സംഘടിപ്പിച്ച പ്രത്യേക ‘ഭജൻ ക്ലബ്ബിംഗ്’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. യുവാക്കളും ജനറേഷൻ സിയും (Gen Z) ആവേശത്തോടെ ഏറ്റെടുത്ത ഈ ആധുനിക ഭക്തിസംഗീത പരിപാടിയിൽ ആദ്യവരിയിൽ ഇരുന്ന പ്രധാനമന്ത്രി, ഗായകർക്കൊപ്പം കൈയടിച്ചും കഞ്ചീരയിൽ താളമിട്ടും ഭജന ആസ്വദിച്ചു. ഭക്തിഗാനങ്ങളെ കൺസേർട്ട് മാതൃകയിലുള്ള ആധുനിക സംഗീത ക്രമീകരണങ്ങളോടെ അവതരിപ്പിക്കുന്ന ഈ പുതിയ തരംഗത്തെ നേരത്തെ തൻ്റെ ‘മൻ കി ബാത്ത്’ പ്രഭാഷണത്തിലും പ്രധാനമന്ത്രി ഏറെ പ്രശംസിച്ചിരുന്നു.
പരമ്പരാഗത ഭക്തിഗാനങ്ങളെയും കീർത്തനങ്ങളെയും ആധുനിക വെളിച്ച വിതാനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അവതരിപ്പിക്കുന്ന രീതിയാണ് ‘ഭജൻ ക്ലബ്ബിംഗ്’. ആധുനികതയും ആത്മീയതയും ചേർത്തുവെച്ച് യുവാക്കൾക്കിടയിൽ പുതിയ തരംഗമായി മാറിയ ഈ ആഘോഷത്തെ “ഗ്ലോബൽ കൺസേർട്ടുകൾക്ക് തുല്യം” എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. കാവി വസ്ത്രങ്ങളണിഞ്ഞ യുവ കലാകാരന്മാർ വേദിയിൽ ഭക്തിഗാനങ്ങൾ ആലപിച്ചപ്പോൾ സദസ്സിൽ കുർത്തയും ഓറഞ്ച് വെസ്റ്റ്കോട്ടും ധരിച്ചെത്തിയ പ്രധാനമന്ത്രി യുവാക്കൾക്കൊപ്പം ഉച്ചത്തിൽ ഭജൻ പാടി ആവേശം പങ്കുവെച്ചു.
ദിനാചരണത്തിൻ്റെ ഭാഗമായി ദീൻ ദയാൽ ഉപാധ്യായയുടെ ‘അന്ത്യോദയ’ ദർശനങ്ങളെ പ്രധാനമന്ത്രി അനുസ്മരിക്കുകയും ആദരവ് അർപ്പിക്കുകയും ചെയ്തു. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന സാധാരണക്കാരൻ്റെ ക്ഷേമമാണ് രാഷ്ട്രനിർമ്മാണത്തിൻ്റെ അടിസ്ഥാനമെന്ന അദ്ദേഹത്തിൻ്റെ ആശയങ്ങൾ ഇപ്പോഴും ജനക്ഷേമത്തിന് പ്രചോദനമാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. പാരമ്പര്യവും സംസ്കാരവും കൈവിടാതെയുള്ള ഇത്തരം ആധുനിക കൂട്ടായ്മകൾ ചെറുപ്പക്കാരെ ഭക്തിയിലേക്കും ആത്മീയതയിലേക്കും കൂടുതൽ അടുപ്പിക്കാൻ സഹായിക്കുമെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.








