വംശീയ അസ്വസ്ഥതകൾ നിലനിൽക്കുന്ന മണിപ്പൂരിൽ വീണ്ടും സുരക്ഷാ സേനയുടെ വൻ ഭീകരവേട്ട. നിരോധിത തീവ്രവാദി സംഘടനകളിൽപ്പെട്ട മൂന്ന് സജീവ ഭീകരരെ രണ്ട് താഴ്‌വര ജില്ലകളിൽ നിന്നായി പോലീസ് അറസ്റ്റ് ചെയ്തു. ഇംഫാൽ വെസ്റ്റ്, തൗബാൽ ജില്ലകളിൽ വെച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നടത്തിയ മിന്നൽ പരിശോധനകളിലാണ് അക്രമികൾ സുരക്ഷാ സേനയുടെ വലയിലായത്.
നിരോധിത ഭീകര സംഘടനയായ ‘കാങ്‌ലെയ് യാവോൾ കന്ന ലുപ്’ (KYKL) അംഗമായ മങ്ഖോം കേശ്കുമാർ സിംഗ് (45) വ്യാഴാഴ്ച റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് (RIMS) സമീപത്തു നിന്നാണ് പിടിയിലായത്. ബുധനാഴ്ച ഇംഫാൽ വെസ്റ്റിലെ വീട്ടിൽ നിന്ന് നിരോധിത സംഘടനയായ കാങ്‌ലെയ്‌പാക് കമ്മ്യൂണിസ്റ്റ് പാർട്ടി (നോങ്‌ഡ്രെൻഖോംബ) സജീവ അംഗം ലെയ്‌ഷാങ്തെം ലമങ്ഗംബ സിംഗിനെയും (23) പോലീസ് പിടികൂടി. അതേദിവസം തന്നെ തൗബാൽ ജില്ലയിലെ ഖോങ്ജോം മേഖലയിൽ നിന്ന് കാങ്‌ലെയ്‌പാക് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ മറ്റൊരു അംഗമായ മൈബാം രാജ്കുമാർ സിംഗിനെയും (28) സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു.
പ്രദേശത്ത് വലിയ രീതിയിലുള്ള ആക്രമണങ്ങൾക്കും അട്ടിമറി പ്രവർത്തനങ്ങൾക്കും പദ്ധതിയൊരുക്കുന്നതിനിടയിലാണ് ഇവർ പിടിയിലായതെന്നാണ് പ്രാഥമിക വിവരങ്ങൾ. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി മണിപ്പൂർ പോലീസും കേന്ദ്ര സുരക്ഷാ സേനയും സംയുക്തമായി അതിർത്തികളിലും താഴ്‌വരകളിലും തെരച്ചിൽ കർശനമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.







