പാക് അധിനിവേശ ജമ്മു കാശ്മീരിൽ (PoJK) സാധാരണക്കാർക്ക് നേരെ പാകിസ്താൻ സുരക്ഷാ സേന നടത്തുന്ന അതിക്രമങ്ങളിലും കൂട്ടക്കൊലയിലും കടുത്ത പ്രതിഷേധവുമായി ഇന്ത്യ. പ്രദേശത്ത് നടക്കുന്ന ക്രൂരതകൾക്കെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ഇസ്ലാമാബാദിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. പ്രാദേശിക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധങ്ങൾക്ക് നേരെ പാക് സേന നടത്തിയ അടിച്ചമർത്തലിൽ ജൂലൈ 27 മുതൽ ഇതുവരെ നാൽപ്പതോളം പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്.
സമാധാനപരമായി പ്രതിഷേധിച്ച സാധാരണക്കാർക്ക് നേരെ പാക് ഭരണകൂടം ക്രൂരമായ ബലപ്രയോഗം നടത്തുകയാണെന്ന് വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ സംസാരിക്കവേ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, ഭരണകൂടത്തിന്റെ അവഗണന, രാഷ്ട്രീയമായ പാർശ്വവൽക്കരണം എന്നിവയ്‌ക്കെതിരെ ‘ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി’യുടെ (JAAC) നേതൃത്വത്തിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രക്ഷോഭത്തിലാണ്. എന്നാൽ പ്രതിഷേധിക്കുന്ന സ്വന്തം ജനങ്ങളെ ശത്രുക്കളായി പ്രഖ്യാപിക്കുന്ന നിലപാടാണ് പാകിസ്താൻ പ്രതിരോധ മന്ത്രി ഉൾപ്പെടെയുള്ള ഉന്നതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
പാകിസ്താൻ പണവും ആയുധവും നൽകി വളർത്തിയ ഭീകര സംഘടനകൾ ഇപ്പോൾ അവർക്ക് തന്നെ തിരിച്ചടിയായി മാറി എന്ന കാര്യത്തിൽ പാക് പ്രധാമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവിന്റെ വാക്കുകൾ തന്നെ തെളിവാണെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. പ്രദേശത്ത് നടക്കുന്ന വ്യാജ തിരഞ്ഞെടുപ്പ് ജനങ്ങളുടെ അമർഷം ഇല്ലാതാക്കാൻ പര്യാപ്തമല്ല. അധിനിവേശ കാശ്മീരിൽ നടക്കുന്ന നിയമവിരുദ്ധമായ പൗരഹത്യയെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു.









