കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർഎസ്എസിനും പൂർണ്ണ പിന്തുണ പ്രഖ്യാപിക്കാനുമായി ജോലി രാജിവെച്ച് ഗുജറാത്ത് പോലീസ് കോൺസ്റ്റബിൾ. കിഴക്കൻ കച്ചിലെ ഗാന്ധിധാം അദേസർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന 32-കാരനായ രാംഗർ മോഹൻഗർ ഗോസായ് ആണ് ഔദ്യോഗിക ജീവിതം ഉപേക്ഷിച്ച് പൂർണ്ണസമയ ആർഎസ്എസ്-ബിജെപി പ്രവർത്തനങ്ങളിലേക്ക് ഇറങ്ങുന്നത്. 2029 ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുന്നത് വരെ താൻ ചെരിപ്പ് ധരിക്കില്ലെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു.
വളരെയധികം കഠിനാധ്വാനത്തിലൂടെയും സമർപ്പണത്തിലൂടെയുമാണ് തനിക്ക് സർക്കാർ ജോലി ലഭിച്ചതെന്നും, എന്നാൽ ധാർമികമായ ബോധ്യത്തെ തുടർന്നാണ് ഈ തീരുമാനമെന്നും ഗോസായ് പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തിയ പ്രതിഷേധങ്ങളും പ്രതിപക്ഷത്തിന്റെ കേന്ദ്ര വിരുദ്ധ പ്രചാരണങ്ങളുമാണ് രാജിയിലേക്ക് നയിച്ച പ്രധാന കാരണം. ജന്തർ മന്തർ പ്രതിഷേധങ്ങൾക്ക് പിന്നാലെ രാജ്യത്തെ യുവാക്കൾക്കായി നരേന്ദ്ര മോദി സർക്കാർ മികച്ച തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ബാച്ച് പൊലീസ് ഉദ്യോഗസ്ഥനായ ഗോസായ്, കച്ച് രാപ്പർ താലൂക്കിലെ ഹമീർപൂർ ഗ്രാമവാസിയാണ്. കുട്ടിക്കാലം മുതൽ ആർഎസ്എസ് ശാഖകളിൽ പ്രവർത്തിച്ചിട്ടുള്ള പശ്ചാത്തലമുണ്ട്. ആഗസ്റ്റ് 14-ന് കച്ച് ഈസ്റ്റ് എസ്പിക്ക് രാജി നൽകിയെങ്കിലും തൽക്കാലം രാജി സ്വീകരിക്കാനാകില്ലെന്ന് ലോക്കൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചതായി വിവരമുണ്ട്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ നിർദ്ദേശാനുസരണം ചുമതലകൾ നിർവ്വഹിക്കുമെന്നും ഗോസായ് വ്യക്തമാക്കിയിട്ടുണ്ട്.









