ന്യൂഡൽഹി : ഡൽഹിയിലെ ടികാരി കലാൻ മേഖലയിലുള്ള സിഎൻജി ഇന്ധന പമ്പിൽ സ്ഫോടനം. ട്രക്കിലേക്ക് വാതകം നിറയ്ക്കുന്നതിനിടെ സിലിണ്ടർ ശക്തമായി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. വെസ്റ്റ് ഡൽഹിയിലെ ബാബാ ഹരിദാസ് കോളനി നിവാസിയായ 25-കാരൻ മനീഷ് ആണ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടത്. പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് വൻ സ്ഫോടനമുണ്ടായത്. അപകടത്തിൽ പരുക്കേറ്റ ആറുപേരെയും ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ടികാരി കലാൻ മെട്രോ സ്റ്റേഷന് സമീപമുള്ള പമ്പിലുണ്ടായ വൻ സ്ഫോടന ശബ്ദം പ്രദേശവാസികളിലും വഴിയാത്രക്കാരിലും വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. വിവരം ലഭിച്ച ഉടൻതന്നെ ആറ് ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തുകയും മുൻകരുതൽ നടപടികൾ സ്വീകരിച്ച് സാഹചര്യം പൂർണ്ണമായി നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, ട്രക്കിന്റെ സി.എൻ.ജി സിലിണ്ടറിലെ സാങ്കേതിക തകരാറോ മർദ്ദത്തിലുണ്ടായ വ്യതിയാനമോ ആകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.











