തഹ്രീകെ താലിബാൻ പാകിസ്താൻ (TTP) ഭീകരരുടെ ഡ്രോൺ, ക്വാഡ്കോപ്റ്റർ അക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വിചിത്രമായ ചെലവുകുറഞ്ഞ ആന്റി-ഡ്രോൺ സാങ്കേതികവിദ്യയുമായി പാകിസ്താൻ പോലീസ്. പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ സുരക്ഷാ ചെക്ക്പോസ്റ്റുകൾക്ക് മുകളിൽ വലിയ മീൻവലകൾ കെട്ടിത്തൂക്കിയാണ് പോലീസ് ഇപ്പോൾ പ്രതിരോധം തീർക്കുന്നത്. ഡ്രോണുകളിൽ സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ചു നടത്തുന്ന അക്രമങ്ങൾ വർദ്ധിച്ചതോടെയാണ് പോലീസുകാരുടെ ജീവൻ രക്ഷിക്കാൻ ഇത്തരമൊരു ലളിതമായ തന്ത്രം പരീക്ഷിക്കാൻ അധികൃതർ നിർബന്ധിതരായത്.
അഫ്ഗാനിസ്താൻ അതിർത്തിയോട് ചേർന്നുള്ള ഹങ്കു ജില്ലയിലെ സർക്കി പിയാല പോലീസ് ചെക്ക്പോസ്റ്റിലാണ് രണ്ട് മാസം മുൻപ് ആദ്യമായി ഈ സംവിധാനം നടപ്പിലാക്കിയത്. കഴിഞ്ഞ ഏപ്രിലിൽ നടന്ന കനത്ത ഡ്രോൺ അക്രമത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന്, ഏകദേശം നാല് ലക്ഷം പാകിസ്താനി രൂപ (1,435 ഡോളർ) മാത്രം ചെലവഴിച്ച് പോസ്റ്റ് ഓഫീസിന് മുകളിൽ കട്ടിയുള്ള മീൻവലകൾ ഘടിപ്പിക്കുകയായിരുന്നു. അക്രമത്തിനെത്തുന്ന ഡ്രോണുകൾ വലയിൽ കുടുങ്ങി നിർവീര്യമാകാനോ, അല്ലെങ്കിൽ വലയ്ക്ക് മുകളിൽ വെച്ച് പൊട്ടിത്തെറിച്ചാൽ ചിതറുന്ന ചില്ലറുകളുടെ ആഘാതം കുറയ്ക്കാനോ ഇത് സഹായിക്കുമെന്നാണ് പോലീസ് വിലയിരുത്തൽ.
ഹങ്കു ജില്ലയ്ക്ക് പുറമേ കോഹാട്ട്, കരക്, ബന്നു, ലക്കി മർവാട്ട്, ദേര ഇസ്മായിൽ ഖാൻ തുടങ്ങിയ അഞ്ചിലധികം sensitive ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലും സൈനിക ഔട്ട്പോസ്റ്റുകളിലും ഇപ്പോൾ ഇത്തരത്തിൽ മീൻവലകൾ കെട്ടിയിട്ടുണ്ട്. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഉപയോഗിച്ച ക്യാമോഫ്ലേജ് വലകളിൽ നിന്നാണ് പോലീസ് ഈ ആശയം ഉൾക്കൊണ്ടത്. എന്നാൽ താലിബാൻ ഭീകരരുടെ പക്കലുള്ള അത്യാധുനിക ഡ്രോണുകളെ പ്രതിരോധിക്കാൻ കേവലം മീൻവലകൾക്ക് കഴിയില്ലെന്നും, ഇത് താത്കാലികമായ ആശ്വാസം മാത്രമാണെന്നുമാണ് സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.











