ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിരോധ സഖ്യം കേവലം സംയുക്ത സൈനിക അഭ്യാസങ്ങൾക്കപ്പുറം പ്രതിരോധ വ്യവസായത്തിലേക്കും കപ്പൽ നിർമ്മാണത്തിലേക്കും വ്യാപിപ്പിക്കാൻ സുപ്രധാന തീരുമാനം. ന്യൂഡൽഹിയിൽ വെച്ച് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ജപ്പാൻ പ്രതിരോധ മന്ത്രി ഷിൻജിറോ കൊയിസുമിയും തമ്മിൽ നടത്തിയ ഉന്നതതല ചർച്ചയിലാണ് സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ‘മെമ്മോറാണ്ടം ഓഫ് അറേജ്‌മെന്റ്’ ഒപ്പുവെച്ചത്. ഇൻഡോ-പസഫിക് മേഖലയിൽ ഏകപക്ഷീയമായി ആധിപത്യം സ്ഥാപിക്കാനുള്ള നീക്കങ്ങളെ ശക്തമായി എതിർത്ത ഇരുരാജ്യങ്ങളും, കപ്പൽ നിർമ്മാണം, സാങ്കേതിക വിദ്യ കൈമാറ്റം, കപ്പലുകളുടെ റിപ്പയറിംഗ് തുടങ്ങിയ മേഖലകളിൽ തന്ത്രപ്രധാനമായ നിർണ്ണായക സഹകരണത്തിന് ധാരണയായി.
ഇന്ത്യൻ നേവിയും ജപ്പാൻ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സും തമ്മിലുള്ള സഹകരണം അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിനാണ് പുതിയ കരാർ വഴിയൊരുക്കുന്നത്. ജപ്പാന്റെ അത്യാധുനിക സാങ്കേതിക വിദ്യയും ഇന്ത്യയുടെ ഉൽപ്പാദന ശേഷിയും സംയോജിപ്പിച്ച് പോർക്കപ്പലുകൾ സംയുക്തമായി രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും ലക്ഷ്യമിടുന്നു. കേന്ദ്ര സർക്കാരിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ഷിപ്പ്‌യാർഡുകൾ ജാപ്പനീസ് നേവൽ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താനും, ഇരുരാജ്യങ്ങളുടെയും തുറമുഖങ്ങളിലെ റിപ്പയറിംഗ് സൗകര്യങ്ങൾ പരസ്പരം ഉപയോഗപ്പെടുത്താനും ധാരണയായിട്ടുണ്ട്.

ഇതിന് പുറമേ, രണ്ട് രാജ്യങ്ങളുടെയും വ്യോമസേനകൾ സംയുക്തമായി പങ്കെടുക്കുന്ന വരാനിരിക്കുന്ന ‘വീർ ഗാർഡിയൻ 26’ പരിശീലനത്തിൽ ആദ്യമായി ജാപ്പനീസ് യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തുമെന്ന പ്രത്യേകതയുമുണ്ട്. കപ്പലുകളിലെ അത്യാധുനിക വാർത്താവിനിമയ സംവിധാനമായ ‘യുണികോൺ’ (UNICORN) പദ്ധതി വേഗത്തിൽ നടപ്പിലാക്കാനും പ്രതിരോധ മേഖലയിലെ ഗവേഷണ സ്ഥാപനങ്ങളായ ഡി.ആർ.ഡി.ഒ (DRDO), ജപ്പാന്റെ എ.ടി.എൽ.എ (ATLA) എന്നിവ തമ്മിലുള്ള കൂട്ടായ്മ കൂടുതൽ വിപുലീകരിക്കാനും ധാരണയായി. ഇൻഡോ-പസഫിക് മേഖലയിൽ സുരക്ഷിതമായ സമുദ്രപാതകൾ ഉറപ്പാക്കുന്നതിലും വ്യാവസായിക സഹകരണം വർദ്ധിപ്പിക്കുന്നതിലും ഈ പുതിയ ഇന്ത്യ-ജപ്പാൻ സൗഹൃദം സുപ്രധാന വഴിത്തിരിവാകും.