വാഹനത്തിലെ ഫാസ്ടാഗ് ഇളക്കിമാറ്റാതെ തന്നെ സേവനം നൽകുന്ന ബാങ്ക് മാറ്റാൻ സഹായിക്കുന്ന ‘വൺടാഗ്’ പോർട്ടബിലിറ്റി സംവിധാനം നിലവിൽ വന്നു. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് വേദിയിൽ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് ഈ പുതിയ സംവിധാനം പുറത്തിറക്കിയത്. ഇന്ത്യൻ ഹൈവേസ് മാനേജ്‌മെന്റ് കമ്പനിയും നാഷണൽ പെയ്മന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും സംയുക്തമായാണ് വൺ ടാഗ് തയ്യാറാക്കിയിരിക്കുന്നത്. ബാങ്ക് മാറ്റിയാലും വാഹനത്തിൽ ഒട്ടിച്ചിട്ടുള്ള പഴയ ഫാസ്ടാഗ് മാറ്റേണ്ടതില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
മുൻപ് ഫാസ്ടാഗ് ഇഷ്യു ചെയ്ത ബാങ്ക് മാറ്റണമെങ്കിൽ വലിയ ബുദ്ധിമുട്ടുകളായിരുന്നു ഉണ്ടായിരുന്നത്. ആദ്യം പഴയ ഫാസ്ടാഗ് ഡീ ആക്ടിവേറ്റ് ചെയ്യുകയും, അതിലെ ബാക്കി തുക തീർപ്പാക്കി വെരിഫിക്കേഷൻ പൂർത്തിയാക്കുകയും വേണം. തുടർന്ന് പുതിയ ബാങ്കിൽ അപേക്ഷ നൽകി പുതിയ ഫാസ്ടാഗ് വാങ്ങി വാഹനത്തിൽ ഒട്ടിക്കേണ്ടിയിരുന്നു. എന്നാൽ വൺ ടാഗ് വരുന്നതോടുകൂടി ഈ ബുദ്ധിമുട്ടുകളെല്ലാം ഒഴിവാക്കാനും, ആപ്പ് വഴി വളരെ എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാനും സാധിക്കും.
ദേശീയപാതാ അതോറിറ്റിയുടെ ‘യാത്ര’ മൊബൈൽ ആപ്പിൽ നിലവിൽ ഈ വൺ ടാഗ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് പുതിയ ബാങ്കിൽ ഫാസ്ടാഗിന് അർഹതയുണ്ടോയെന്ന് പരിശോധിച്ച ശേഷം ഓൺലൈനായി വെരിഫിക്കേഷൻ പൂർത്തിയാക്കാം. അതിനുശേഷം ഉപഭോക്താവിന്റെ അനുമതിയോടെ ഇഷ്ടമുള്ള ബാങ്ക് തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. ഈ നടപടികൾ പൂർത്തിയാകുന്നതോടെ ഫാസ്ടാഗ് ഐ.ഡി.യും വാഹന നമ്പറും പുതിയ ബാങ്കുമായി ലിങ്ക് ചെയ്യപ്പെടുകയും, വാഹനത്തിലെ അതേ ടാഗ് തന്നെ തുടർന്നും ഉപയോഗിക്കാൻ കഴിയുകയും ചെയ്യും.








