നിർമിത ബുദ്ധി സാങ്കേതികവിദ്യയുടെ ദുരുപയോഗം സംബന്ധിച്ച ആശങ്കകൾ ലോകമെമ്പാടും വർധിച്ചുവരുന്ന സാഹചര്യത്തിൽ, എഐ മോഡലുകളുടെ വികസനവേഗം കുറയ്ക്കണമെന്ന ആവശ്യവുമായി പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ സിഇഒ ഡാരിയോ അമോഡെ രംഗത്തെത്തിയത് വലിയ ചർച്ചയായിരിക്കുകയാണ്. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച ഒരു ലേഖനത്തിലൂടെ എഐ വികസനം കർശനമായി നിയന്ത്രിക്കുന്നതിനായി മൂന്നു ഘട്ടങ്ങളുള്ള സുപ്രധാന പദ്ധതിയാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. എഐയുടെ വളർച്ച മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായി മാറിയേക്കാമെന്ന മുന്നറിയിപ്പുകൾക്കിടയിലാണ് ഈ സുപ്രധാന നീക്കം.
എഐ വികസനം സുരക്ഷിതമാക്കാൻ അമോഡെ മുന്നോട്ടുവെച്ച പദ്ധതികളിൽ പ്രധാനം സ്വതന്ത്ര സുരക്ഷാ പരിശോധകരുടെ നിയമനമാണ്. മുൻനിര എഐ കമ്പനികൾ എം.ഇ.ടി.ആർ (METR) പോലുള്ള പുറത്തുനിന്നുള്ള വിദഗ്ധർക്ക് സ്വന്തം ജീവനക്കാരെപ്പോലെ കമ്പനിയുടെ ഉള്ളിൽ പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. കമ്പനികൾ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക, പ്രശ്നങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്യുക, പൂർത്തിയായ എഐ മോഡലുകൾ മാത്രമല്ല അവ നിർമിക്കുന്ന പ്രക്രിയകളും സുരക്ഷിതമാണോ എന്ന് പരിശോധിക്കുക എന്നിവയാണ് ഇത്തരം പരിശോധകരുടെ പ്രധാന ചുമതലകൾ. വികസനവേഗം കുറയ്ക്കാമെന്നുള്ള ഉറപ്പ് കമ്പനികൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ ഇത് അത്യാവശ്യമാണെന്നും, ഈ മാതൃക സ്വന്തം നിലയ്ക്ക് നടപ്പാക്കാൻ ആന്ത്രോപിക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഈ നിർദ്ദേശത്തിന്റെ രണ്ടാം ഘട്ടമായി ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ഏകോപനമാണ് അമോഡെ ആവശ്യപ്പെടുന്നത്. പൊതുവായ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടാക്കുന്നതിനും, നിയന്ത്രണമില്ലാത്ത എഐ വളർച്ചയുടെ വേഗത്തിന് പരിധി നിശ്ചയിക്കുന്നതിനും ജനാധിപത്യ രാജ്യങ്ങളിലെ പ്രമുഖ എഐ കമ്പനികൾ ഒന്നിച്ച് പ്രവർത്തിക്കണം. എഐയുടെ വേഗം നിയന്ത്രിക്കുന്നതിനുള്ള ഇത്തരം കൂട്ടായ ശ്രമങ്ങൾക്ക് നിയമപരമായ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സർക്കാരുകളുടെ പിന്തുണയും ഇതിനായി ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മൂന്നാമതായി ആഗോളതലത്തിലുള്ള ഏകോപനത്തിനാണ് അദ്ദേഹം ഊന്നൽ നൽകുന്നത്. നിയന്ത്രണങ്ങളും നിർദേശങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെ, അമേരിക്ക ഉൾപ്പെടെയുള്ള ജനാധിപത്യ രാജ്യങ്ങൾ ചൈന പോലുള്ള രാജ്യങ്ങളുമായി പോലും എഐ സുരക്ഷാ കാര്യങ്ങളിൽ സാധ്യമായ രീതിയിൽ സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു.
ഡാരിയോ അമോഡെയുടെ ഈ നിർദ്ദേശങ്ങളെ പിന്തുണച്ച് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും എക്സ്.എഐ തലവൻ ഇലോൺ മസ്‌കും ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്. സ്ഥാപനങ്ങളിൽ സ്വതന്ത്ര പരിശോധകരെ അനുവദിക്കുന്നത് വളരെ മികച്ചൊരു ആശയമാണെന്നും ഇത് തങ്ങളും നടപ്പാക്കുമെന്നും സാം ആൾട്ട്മാൻ വ്യക്തമാക്കിയിട്ടുണ്ട്. എഐയുടെ ദുരുപയോഗം മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്ന് പ്രമുഖ നിരീക്ഷകരും ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന് ആക്കംകൂട്ടിക്കൊണ്ട്, ആന്ത്രോപിക്കിൽനിന്ന് കഴിഞ്ഞ ദിവസം ഗവേഷകനായ ജേക്കബ് കോക്‌സൺ രാജിവെച്ചതും, അദ്ദേഹം നൽകിയ മുന്നറിയിപ്പുകളും വലിയ ചർച്ചയായിരുന്നു. ഇതിനിടയിലാണ് ആന്ത്രോപിക് പുറത്തിറക്കിയ 2026-ലെ ത്രെറ്റ് ഇന്റലിജൻസ് റിപ്പോർട്ടും പുറത്തുവരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്പനിയുടെ ക്ലോഡ് അടക്കമുള്ള എഐ ടൂളുകൾ ഏതെല്ലാം തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോർട്ട്. ഭീകര സംഘടനകൾ നടത്തുന്ന ആയുധ വികസന നീക്കങ്ങൾ മുതൽ പല രാജ്യങ്ങളിലും സർക്കാർ പിന്തുണയോടെ ജനങ്ങൾക്കുമേലുള്ള നിരീക്ഷണത്തിന്റെ വിവരങ്ങൾ വരെ ഉൾക്കൊള്ളുന്ന ഈ ഞെട്ടിക്കുന്ന റിപ്പോർട്ട്, ആഗോളതലത്തിൽ എഐ സുരക്ഷയ്ക്കുമേൽ കർശന നിയന്ത്രണങ്ങൾ കൊണ്ടവരേണ്ടതിന്റെ അടിയന്തര ആവശ്യകതയാണ് വീണ്ടും ഓർമ്മിപ്പിക്കുന്നത്.








