യമനിലെ ഹൂതി വിമതരുമായുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടെ സൗദി അറേബ്യയിലെ മക്ക, ജിദ്ദ നഗരങ്ങളിൽ വീണ്ടും അതീവ ജാഗ്രതാ നിർദ്ദേശം നൽകി. നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം വഴി സൗദി സിവിൽ ഡിഫൻസാണ് ഡ്രോൺ, മിസൈൽ ആക്രമണ സാധ്യതകൾ മുന്നിൽ കണ്ട് നഗരങ്ങളിൽ മുന്നറിയിപ്പ് സന്ദേശങ്ങൾ അയച്ചത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വിശുദ്ധ നഗരമായ മക്കയിൽ ഉൾപ്പെടെ ഇത്തരം അടിയന്തര സുരക്ഷാ മുന്നറിയിപ്പുകൾ പ്രഖ്യാപിക്കുന്നത്. മക്കയ്ക്കും ജിദ്ദയ്ക്കും പുറമെ തായിഫ്, യാൻബു, തബൂക്ക് എന്നീ മേഖലകളിലും അധികൃതർ സുരക്ഷാ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
മുന്നറിയിപ്പ് സന്ദേശം ലഭിച്ചയുടൻ ജനങ്ങളോട് സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറാനും ജനലുകൾ, ബാൽക്കണികൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവയിൽ നിന്ന് അകന്നുനിൽക്കാനും നിർദ്ദേശം നൽകി. ഡ്രോൺ ഭീഷണി ഉയർന്നതിനെ തുടർന്ന് രാജ്യത്തിന്റെ വ്യോമ പ്രതിരോധ സേന സജ്ജമായെങ്കിലും മിനിറ്റുകൾക്കകം അപായസാധ്യത ഒഴിഞ്ഞതായി സിവിൽ ഡിഫൻസ് അറിയിച്ചു. കഴിഞ്ഞ് ആഴ്ചയിൽ മക്കയ്ക്ക് സമീപമെത്തിയ ഹൂതി ഡ്രോൺ സൗദി സൈന്യം വെടിവെച്ചിട്ടിരുന്നു. എന്നാൽ മക്കയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഹൂതി കേന്ദ്രങ്ങളുടെ വിശദീകരണം.
കഴിഞ്ഞ ജൂലൈയിൽ സൗദിയും ഹൂതികളും തമ്മിലുണ്ടായിരുന്ന വെടിനിർത്തൽ കരാർ തകർന്നതിന് ശേഷമാണ് മേഖലയിൽ ആക്രമണങ്ങൾ ശക്തമായത്. ബാബ് എൽ-മന്തെബ് കടലിടുക്ക് കേന്ദ്രീകരിച്ച് ഹൂതികൾ സൗദി വിമാനങ്ങൾക്കും ചരക്കുകപ്പലുകൾക്കും നേരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. സൗദി അറേബ്യയെ സഹായിക്കാൻ അമേരിക്കൻ സൈന്യം പെട്ടാൽ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യു.എസ് താല്പര്യങ്ങളും ഉൾപ്പെടുത്തുമെന്ന് ഹൂതി സൈനിക വക്താക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിലും നയതന്ത്ര ആശങ്കകൾ വർദ്ധിച്ചുവരികയാണ്.








