സൗദി അറേബ്യയ്ക്കുനേരെ വീണ്ടും ഹൂതി വിമതരുടെ മിസൈൽ–ഡ്രോൺ ആക്രമണം. ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ രണ്ട് ബാലിസ്റ്റിക് മിസൈലുകളും രണ്ട് ഡ്രോണുകളും സൗദി വ്യോമപ്രതിരോധ സേന തടഞ്ഞതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. മിസൈലുകൾ ഖമീസ് മുഷൈത്തിലേക്കും ഡ്രോണുകൾ തലസ്ഥാനമായ റിയാദിലേക്കുമാണ് ലക്ഷ്യമിട്ടിരുന്നതെന്നാണ് സഖ്യസേനയുടെ വിശദീകരണം.
ആക്രമണത്തെ തുടർന്ന് ഖമീസ് മുഷൈത്ത്, അബ്ഹ മേഖലകളിൽ സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പുകൾ നൽകിയിരുന്നു. ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി അധികൃതർ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലായി സൗദിയിലെ നഗരങ്ങൾക്കും ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കും നേരെ ഹൂതികൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ ആക്രമണം.
ഇതിനിടെ, യെമനിലെ ഹൂതി വിമതരിൽനിന്ന് രാജ്യത്തെ സംരക്ഷിക്കാൻ സൗദി സൈനികർ സജ്ജരായിരിക്കണമെന്ന് ഗ്രാൻഡ് മുഫ്തി ഷെയ്ഖ് സാലിഹ് ബിൻ ഫൗസാൻ അൽ ഫൗസാൻ ആഹ്വാനം ചെയ്തു. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയോടും അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികരോടും ഐക്യത്തോടെ നിലകൊള്ളാനും ക്ഷമയോടെയും ജാഗ്രതയോടെയും ദൗത്യം നിർവഹിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ഹൂതി ആക്രമണങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് ഗ്രാൻഡ് മുഫ്തിയുടെ അപൂർവമായ പരസ്യപ്രസ്താവന. സൗദി നഗരങ്ങൾക്കും എണ്ണ അടിസ്ഥാനസൗകര്യങ്ങൾക്കും കപ്പൽ ഗതാഗതത്തിനുമെതിരായ ആക്രമണങ്ങൾ മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്.









