ഇന്ത്യൻ വംശജനായ ചിരന്തൻ ‘സിജെ’ ദേശായിയെ തങ്ങളുടെ പുതിയ ബിസിനസ് സംരംഭമായ ‘മെറ്റാ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോമിന്റെ’ മേധാവിയായി മെറ്റാ പ്ലാറ്റ്‌ഫോംസ് നിയമിച്ചു. ചീഫ് എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം ഓഫീസറായി ചുമതലയേൽക്കുന്ന അദ്ദേഹം കമ്പനി സിഇഒ മാർക്ക് സക്കർബർഗിന് കീഴിലായിരിക്കും നേരിട്ട് പ്രവർത്തിക്കുക. മുൻനിര ഡാറ്റാബേസ് കമ്പനിയായ മോംഗോഡിബിയുടെ (MongoDB) സിഇഒ സ്ഥാനത്ത് നിന്ന് പെട്ടെന്ന് രാജിവെച്ചാണ് ദേശായി മെറ്റയിലേക്ക് എത്തുന്നത്. മെറ്റയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കി വിവിധ കമ്പനികൾക്കായി സോഫ്റ്റ്‌വെയർ ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുകയാണ് ഈ പുതിയ വിഭാഗത്തിന്റെ പ്രധാന ലക്ഷ്യം.
സോഫ്റ്റ്‌വെയർ മേഖലയിൽ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള വ്യക്തിയാണ് ചിരന്തൻ ദേശായി. മോംഗോഡിബിയിൽ സേവനമനുഷ്ഠിക്കുന്നതിന് മുൻപ് പ്രമുഖ ക്ലൗഡ് കമ്പനിയായ ക്ലൗഡ്‌ഫെയർ, എട്ട് വർഷത്തോളം സർവീസ് നൗ തുടങ്ങിയ വൻകിട സ്ഥാപനങ്ങളിൽ പ്രെസിഡന്റ്, സിഒഒ ഉൾപ്പെടെയുള്ള ഉയർന്ന പദവികൾ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. ബിസിനസ് ആപ്ലിക്കേഷനുകൾ, എഐ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിൽ അദ്ദേഹത്തിനുള്ള കഴിവ് മെറ്റയുടെ വളർച്ചയ്ക്ക് വലിയ കരുത്താകുമെന്ന് മാർക്ക് സക്കർബർഗ് വ്യക്തമാക്കി. സക്കർബർഗിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, ദേശായിയുടെ മാറ്റത്തെ തുടർന്ന് മോംഗോഡിബിയുടെ ഓഹരികളിൽ വൻ ഇടിവ് രേഖപ്പെടുത്തി.
വരും വർഷങ്ങളിൽ എഐ സാങ്കേതികവിദ്യ ബിസിനസ് ലോകത്തെ പൂർണ്ണമായി മാറ്റിയെഴുതുമെന്നും സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുൻഗണന നൽകിക്കൊണ്ട് മെറ്റയുടെ സാങ്കേതികവിദ്യകൾ സ്ഥാപനങ്ങളിലേക്ക് എത്തിക്കുമെന്നും ചിരന്തൻ ദേശായി പ്രതികരിച്ചു. തുടക്കത്തിൽ ‘മ്യൂസ് ഏജന്റ്’, ‘മെറ്റാ ബിസിനസ് ഏജന്റ്’, ഡെവലപ്പർ ടൂളുകൾ എന്നിവ നൽകിക്കൊണ്ടാണ് പുതിയ പ്ലാറ്റ്‌ഫോം പ്രവർത്തനം ആരംഭിക്കുന്നത്. കോർപ്പറേറ്റ് ലോകത്തേക്ക് തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി മെറ്റ നടത്തുന്ന ഏറ്റവും വലിയ ചുവടുവെപ്പുകളിൽ ഒന്നായാണ് ഈ പുതിയ നിയമനം വിലയിരുത്തപ്പെടുന്നത്.








