ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്നെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ, സഹ കൺവീനർമാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ഡൽഹി പോലീസ് വിമാനത്തിനുള്ളിൽ കയറി കസ്റ്റഡിയിലെടുത്തു. ഡൽഹി വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ഉടൻ തന്നെ പോലീസ് സംഘം എത്തി മൂവരെയും കരുതൽ തടങ്കലിലാക്കുകയായിരുന്നു. ഡൽഹി പോലീസ് വിമാനത്തിനുള്ളിലേക്ക് കടന്നുവന്ന് നടപടി സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ദിപ്കെയ്‌ക്കൊപ്പം സിജെപിയുടെ സഹ-കൺവീനർമാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്തിനുള്ളിൽ കയറി തന്നെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പോലീസുകാരുമായി ദിപ്കെ തർക്കിക്കുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്. “ഞങ്ങൾ പുറത്തുവരുന്നതുവരെ നിങ്ങൾക്ക് കാത്തിരിക്കാമായിരുന്നു. ഞങ്ങളെ അറസ്റ്റ് ചെയ്യൂ, ഞങ്ങൾക്ക് ഭയമില്ല,” എന്ന് ദിപ്കെ വീഡിയോയിൽ പറയുന്നത് കേൾക്കാവുന്നതാണ്.
ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജിയും വോട്ട് മോഷണ ആരോപണങ്ങളും ഉന്നയിച്ച് ജന്തർ മന്ദറിൽ സംഘടിപ്പിക്കാനിരുന്ന സമരത്തിന് മുന്നോടിയായാണ് പോലീസിന്റെ ഈ നീക്കം. മുൻകൂട്ടി അനുമതി തേടിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധത്തിന് പോലീസ് നേരത്തെ തന്നെ അനുമതി നിഷേധിച്ചിരുന്നു. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി ഡൽഹിയിലുടനീളം വൻ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. റാലിയിൽ പങ്കെടുക്കാൻ എത്തിയ നൂറുകണക്കിന് പ്രവർത്തകരെയും മറ്റ് പ്രമുഖ സംഘാടകരെയും ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പോലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. സുരക്ഷയും ക്രമസമാധാന പാലനവും ഉറപ്പാക്കാൻ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങളും പോലീസിന്റെ പ്രത്യേക പരിശോധനകളും തുടരുകയാണ്.









