സമയത്തിന് ലക്ഷ്യസ്ഥാനത്ത് എത്തണമെന്നതിന്റെ പേരിൽ പൊതുനിരത്തുകളിൽ നിരപരാധികളുടെ ജീവനെടുക്കുന്ന സ്വകാര്യ ബസുകളുടെ നരഹത്യയ്ക്കെതിരെ അതിശക്തമായ താക്കീതുമായി കേരള ഹൈക്കോടതി. “സമയത്ത് എത്തണം എന്നത് റോഡിൽ ആളുകളെ കൊല്ലാനുള്ള ലൈസൻസല്ല” എന്ന് വ്യക്തമാക്കിയ കോടതി, കേരളത്തിലെ റോഡുകളിൽ നിയമവാഴ്ച തകർന്നിരിക്കുകയാണോ എന്ന് സർക്കാരിനോടും പോലീസിനോടും ചോദിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കും റോഡുകളുടെ ശോചനീയാവസ്ഥയും സംബന്ധിച്ച ഹർജികൾ പരിഗണിക്കവെ ഈ കടുത്ത നിരീക്ഷണങ്ങൾ നടത്തിയത്.
കൊച്ചിയിലെ മാധവ ഫാർമസി ജംഗ്ഷനിൽ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ഇരുചക്രവാഹന യാത്രികനെ ഇടിച്ചുതെറിപ്പിച്ച ഭയാനകമായ സംഭവം അമിക്കസ് ക്യൂറി വിനോദ് ഭട്ട് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് സംസ്ഥാനത്തെ റോഡുകളെ കൊലക്കളമാക്കുന്ന സ്വകാര്യ ബസ് മാഫിയയ്ക്കെതിരെ ഹൈക്കോടതി രംഗത്തെത്തിയത്. അശ്രദ്ധമായി വാഹനം ഓടിച്ച് പാവങ്ങളുടെ ജീവനെടുത്തിട്ടും തങ്ങൾക്കെതിരെ യാതൊരു നിയമനടപടിയും എടുക്കാൻ പാടില്ലെന്ന ധാർഷ്ട്യം ഒരിക്കലും അംഗീകരിക്കില്ലെന്ന് ബെഞ്ച് തുറന്നടിച്ചു. ഇത്രയധികം കർശന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും ബസ് ഡ്രൈവർമാരുടെ പേക്കൂത്തുകൾക്ക് യാതൊരു കുറവുമില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കൊച്ചിയിലും കണ്ണൂരിലും ബസുകൾ മരണപ്പാച്ചിലിൽ നടത്തുന്നതിന്റെയും അപകടകരമായി ഓവർടേക്ക് ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ കോടതി പരിശോധിച്ചു.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സിറ്റി പോലീസ് കമ്മീഷണറും മറ്റ് ഉദ്യോഗസ്ഥരും ഉറങ്ങുകയാണോ എന്നും, ഇത്തരം നടുക്കുന്ന നിയമലംഘനങ്ങൾ നേരിൽക്കണ്ടിട്ടും നടപടിയെടുക്കാൻ മടിക്കുന്നത് എങ്ങനെയെന്നും കോടതി വാക്കാൽ ചോദിച്ചു. ഇത്തരം കൊലയാളികളായ ഡ്രൈവർമാരെ ഇനി ഒരിക്കലും കേരളത്തിലെ റോഡുകളിൽ വാഹനമോടിക്കാൻ അനുവദിക്കരുതെന്നും, പ്രതികളുടെ ഡ്രൈവിംഗ് ലൈസൻസ് ജീവിതകാലത്തേക്ക് സസ്പെൻഡ് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. ബസ് ഓപ്പറേറ്റർമാരോ ജീവനക്കാരോ സമരത്തിന്റെയോ ഭീഷണിയുടെയോ പേരിൽ ജനങ്ങളുടെ ജീവന്മരണ പ്രശ്നങ്ങളെ തടസപ്പെടുത്താൻ ശ്രമിച്ചാൽ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. റോഡുകളിൽ എപ്പോഴും ഒന്നാമത്തെ പരിഗണന കാൽനടയാത്രക്കാർക്കാണെന്നും, വലിയ വാഹനങ്ങൾക്കാണ് ഏറ്റവും അവസാനത്തെ പരിഗണനയെന്നുമുള്ള അന്താരാഷ്ട്ര ചട്ടങ്ങൾ അധികാരികളെ കോടതി ഓർമ്മിപ്പിച്ചു. പൊതുജനങ്ങളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന ഇത്തരം മാഫിയാ പ്രവർത്തനങ്ങൾക്കെതിരെ നീതിന്യായ വ്യവസ്ഥ കർശന നിലപാട് സ്വീകരിച്ചത് നഗരവാസികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.












