ഡൽഹി ജന്തർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രഖ്യാപിച്ച പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ശ്രമിച്ച മൂവായിരത്തിലധികം ആളുകളെ ഡൽഹി പോലീസ് കരുതൽ തടങ്കലിലാക്കി. ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് നടത്തിയ ഈ പ്രതിഷേധം തടയാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പോലീസ് ആളുകളെ കസ്റ്റഡിയിലെടുത്തത്. ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയ പോലീസ്, പ്രക്ഷോഭകർ ഒത്തുചേരാൻ ശ്രമിച്ച പ്രധാന റോഡുകളും കവലകളും വളഞ്ഞാണ് വലിയ തോതിലുള്ള കൂട്ട അറസ്റ്റ് നടത്തിയത്.
ഈ കൂട്ട കസ്റ്റഡിയിലെടുക്കലുകൾക്ക് പിന്നാലെ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത രംഗത്തെത്തി. ഡൽഹിയെ ആർക്കും ബന്ദിയാക്കാൻ കഴിയില്ലെന്നും നഗരത്തിലെ ജനങ്ങളുടെ സമാധാന ജീവിതം തകർക്കാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി. ജനങ്ങളാൽ തള്ളപ്പെട്ട രാഷ്ട്രീയ നേതാക്കളായ രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്രിവാളും തങ്ങളുടെ പരാജയ ഭാരം തീർക്കാൻ ഡൽഹിയെ ഒരു പോരാട്ട ഭൂമിയാക്കാൻ ശ്രമിക്കുകയാണെന്നും ബി ടീമായ സിജെപിയെ മുന്നിൽ നിർത്തിയാണ് ഈ നാടകം കളിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സമരവുമായി ബന്ധപ്പെട്ട് നഗരത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസും സുരക്ഷാ സേനയും മുൻകരുതൽ നടപടികൾ കടുപ്പിച്ചിട്ടുണ്ട്. തടങ്കലിലാക്കിയവരെ പാർപ്പിക്കാൻ നഗരത്തിലെ വിവിധ സ്റ്റേഡിയങ്ങളിൽ പ്രത്യേക കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. പ്രതിഷേധക്കാരുടെയും നേതാക്കളുടെയും ഈ നീക്കങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും തലസ്ഥാനത്തെ ഗതാഗത സംവിധാനങ്ങളും സാധാരണ ജീവിതവും ഉടൻ തന്നെ പൂർവ്വസ്ഥിതിയിലാക്കുമെന്നും അധികൃതർ ഉറപ്പുനൽകി.










