ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവ്വ നാഴികക്കല്ലുകളായ വിക്കറ്റുകളിൽ ഒന്നിൽ കൂടുതൽ തവണ ഭാഗമാകാൻ അപൂർവ്വ ഭാഗ്യം ലഭിച്ച താരമാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഹാഷിം അംല. സാധാരണയായി ഇത്തരം ചരിത്രമുഹൂർത്തങ്ങളിൽ വ്യത്യസ്ത കളിക്കാരാണ് ഉൾപ്പെടാറുള്ളതെങ്കിൽ, ടെസ്റ്റ് ക്രിക്കറ്റിലെ മൂന്ന് പ്രധാന നാഴികക്കല്ലുകളിൽ അംലയുടെ പേര് കൂട്ടിച്ചേർക്കപ്പെട്ടു.
2010-ൽ വെസ്റ്റ് ഇൻഡീസിനെതിരായ ബസ്സെറ്റെറെ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഷെയ്ൻ ഷില്ലിംഗ്ഫോർഡിന്റെ പന്തിൽ 44 റൺസെടുത്ത് അംല പുറത്തായപ്പോഴാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ 60,000-ാമത്തെ വിക്കറ്റ് പിറന്നത്. ഡ്വെയ്ൻ ബ്രാവോയ്ക്ക് ക്യാച്ച് നൽകിയാണ് അംല അന്ന് മടങ്ങിയത്.
ആറു വർഷങ്ങൾക്ക് ശേഷം 2016-ൽ പോർട്ട് എലിസബത്തിൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ അംല വീണ്ടും ഒരു ചരിത്ര വിക്കറ്റിൽ പങ്കാളിയായി. നുവാൻ പ്രദീപിന്റെ പന്തിൽ 48 റൺസെടുത്ത് എൽബിഡബ്ല്യു ആയി പുറത്തായ അംലയുടെ ആ വിക്കറ്റ്, ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ 10,000-ാമത്തെ എൽബിഡബ്ല്യു ഡിസ്മിസലായിരുന്നു.
തുടർന്ന് 2017-ൽ ബംഗ്ലാദേശിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റിൽ ഷഫിയുൾ ഇസ്‌ലാമിന്റെ പന്തിൽ 137 റൺസെടുത്ത് അംല പോയിന്റിൽ മെഹിദി ഹസൻ മിറാസിന് ക്യാച്ച് നൽകി പുറത്തായതോടെ ടെസ്റ്റ് ക്രിക്കറ്റിലെ 70,000-ാമത്തെ വിക്കറ്റും പിറന്നു. ഒരേ സമയം പാകിസ്ഥാനെതിരെ കളിക്കുകയായിരുന്ന ശ്രീലങ്കൻ താരം ദിൽറൂവൻ പെരേര ഡിആർഎസ് റിവ്യൂവിലൂടെ ഔട്ട് ഒഴിവാക്കിയതു കൊണ്ടു മാത്രമാണ് ടെസ്റ്റ് ചരിത്രത്തിലെ ഈ 70,000-ാം വിക്കറ്റ് ഹാഷിം അംലയുടെ പേരിൽ കുറിക്കപ്പെട്ടത്.












