ഇന്ത്യയെ ലഹരിമുക്ത രാജ്യമാക്കാനുള്ള തീവ്ര പരിശ്രമങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡിസംബർ 31, 2029 വരെയുള്ള കൃത്യമായ സമയപരിധി നിശ്ചയിച്ചു. ന്യൂഡൽഹിയിലെ നാഷണൽ പോലീസ് മെമ്മോറിയലിൽ പോലീസ് സ്മരണ ദിനാചരണത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ നിർണായക പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ യുവതലമുറയുടെ ഭാവിയെ സംരക്ഷിക്കാനും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ലഹരിമരുന്ന് സംഘങ്ങൾ വഴി ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ തടയാനുമായി എല്ലാ പോലീസ് സേനകളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന് വേണ്ടി പോലീസ് റൈഡർമാർ പങ്കെടുക്കുന്ന പ്രത്യേക ബൈക്ക് റാലിയും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.
വെറും മയക്കുമരുന്ന് പിടിച്ചെടുക്കലുകളിൽ മാത്രം അന്വേഷണം ഒതുക്കാതെ അതിന് പിന്നിലെ വിതരണ ശൃംഖലകളും സാമ്പത്തിക സാമ്രാജ്യങ്ങളും തകർക്കാനാണ് കേന്ദ്ര സർക്കാറിന്റെ തീരുമാനം. ലഹരി മാഫിയകൾക്കെതിരെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധി അന്വേഷണ ഏജൻസികൾ യോജിച്ച് ശക്തമായ നടപടികൾ സ്വീകരിക്കും. സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തി മയക്കുമരുന്ന് സംഘങ്ങളുടെ ആസ്തികൾ കണ്ടുകെട്ടുന്ന രീതിയിലാണ് പുതിയ തന്ത്രം ആവിഷ്കരിച്ചിരിക്കുന്നത്. അതിർത്തി വഴിയുള്ള മയക്കുമരുന്ന് കടത്തും ഡാർക്ക് നെറ്റ് വഴിയുള്ള സാമ്പത്തിക ഇടപാടുകളും കർശനമായി തടയാൻ അന്വേഷണ സംഘങ്ങൾക്ക് അമിത് ഷാ നിർദേശം നൽകി.
പഞ്ചാബ് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. വരും വർഷങ്ങളിൽ നിയമ നിർവഹണ ഏജൻസികൾ പരസ്പരം സഹകരിച്ച് ലഹരി കടത്ത് ശൃംഖലകൾ വേരോടെ പിഴുതെറിയും. ഈ കൂട്ടായ പോരാട്ടത്തിലൂടെ ഇന്ത്യയെ മയക്കുമരുന്ന് വിമുക്തമാക്കുക എന്ന വലിയ ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്ന് അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു. ലഹരിക്കെതിരെയുള്ള ഈ അന്തിമ യുദ്ധത്തിൽ പങ്കാളികളാകാൻ രാജ്യത്തുടനീളമുള്ള എല്ലാ സുരക്ഷാ സേനകളോടും അദ്ദേഹം ആവശ്യപ്പെട്ടു.










