കൊച്ചി: കേരളത്തില്‍ പൊതുഖജനാവില്‍ നിന്ന് പണം നല്കി സര്‍ക്കാര്‍ രണ്ട് മാധ്യമങ്ങളെ വിലയ്ക്കെടുത്തിരിക്കുകയാണെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആരോപണം. ഇത് പെയ്ഡ് ന്യൂസിനെക്കാള്‍ ഭീതിജനകമാണെന്നും സംസ്ഥാനം സന്ദര്‍ശിച്ച പ്രസ് കൗണ്‍സില്‍ പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു. പെയ്ഡ് ന്യൂസ് സംബന്ധിച്ച് നിരീക്ഷണത്തിന് തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശ പ്രകാരം പ്രസ്കൗണ്‍സില്‍ നിയോഗിച്ച കമ്മിറ്റിയിലെ അംഗങ്ങളായ ടി. അമര്‍നാഥ്, സി.കെ. നായ്ക് എന്നിവര്‍ രണ്ടുദിവസം കേരളം സന്ദര്‍ശിച്ചിരുന്നു, അവര്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് പ്രസ് കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് സര്‍ക്കുലേഷനില്‍ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും നില്ക്കുന്നമനോരമ മാതൃഭൂമി പത്രങ്ങള്‍ക്ക് ഒരുവര്‍ഷം മുമ്പ് സര്‍ക്കാര്‍ പരസ്യങ്ങളുടെ നിരക്ക് മുന്നൂറും ഇരുന്നൂറും ശതമാനമാണ് വര്‍ധിപ്പിച്ച് നല്‍കിയിരുന്നു. എന്നാല്‍ മറ്റൊരു പത്രങ്ങള്‍ക്കും നിരക്ക് വര്‍ദ്ധിപ്പിച്ചില്ല. ഇത് രൂപവും ഭാവവും മാറിയ പെയ്ഡ് ന്യൂസ് ആണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് പ്രസ് കൗണ്‍സില്‍ പ്രതിനിധികളുുടെ നിലപാട്.
പരസ്യത്തിന്റെ താരിഫ് വര്‍ധന വാര്‍ത്തകളിലെ നിഷ്പക്ഷതയെ ബാധിച്ചുവോയെന്ന് പരിശോധിക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ അത് അപകടകരമാണ്. പത്രങ്ങളുടെ പേര് ഈ ഘട്ടത്തില്‍ പറയുന്നില്ല. തെരഞ്ഞെടുപ്പു കമീഷന് റിപ്പോര്‍ട്ട് നല്‍കിയശേഷം പേര് വെളിപ്പെടുത്തുമെന്നും പ്രതിനിധികള്‍ പറഞ്ഞു. .ഈ പത്രങ്ങളുടെ 2014ലെ സര്‍ക്കുലേഷന്‍, അന്ന് നല്കിയ സര്‍ക്കാര്‍ പരസ്യ താരിഫ്, ഇപ്പോഴത്തെ സര്‍ക്കുലേഷന്‍, പരസ്യ താരിഫ് എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിശദാംശങ്ങള്‍ ലഭിച്ചാലുടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും റിപ്പോര്‍ട്ട് നല്‍കാനാണ് നീക്കം. സംസ്ഥാന ഖജനാവില്‍നിന്ന് പൊതുജനങ്ങളുടെ പണമെടുത്തുകൊണ്ടുള്ള ഈ സ്വാധീനിക്കല്‍ അപകടകരമായ പ്രവണതയാണ്. ഇത് പെയ്ഡ് ന്യൂസിനേക്കാള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും കമ്മീഷന് അംഗങ്ങള്‍ പറയുന്നു.
സംസ്ഥാനത്ത് ഇതുവരെ പെയ്ഡ് ന്യൂസ് സംബന്ധിച്ച് 64 പരാതി കിട്ടിയിട്ടുണ്ട്. അത് പരിശോധിച്ചുവരികയാണെന്നും അമര്‍നാഥ് പറഞ്ഞു. ആദ്യമായാണ് പെയ്ഡ് ന്യൂസ് നിരീക്ഷിക്കുന്നതിന് പ്രസ്കൗണ്‍സില്‍ പ്രതിനിധികളെ നിയോഗിക്കുന്നത്. കേരളത്തിലേക്ക് നിയോഗിക്കപ്പെട്ട രണ്ടംഗ സംഘം തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ സന്ദര്‍ശനം നടത്തി ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
സംസ്ഥാനത്തെ രണ്ട് പ്രമുഖ പത്രങ്ങളായ മലയാള മനോരമക്കും മാതൃഭൂമിക്കുമാണ് സര്‍ക്കാര്‍ പരസ്യനിരക്ക് കുത്തനെ വര്‍ധിപ്പിച്ചുകൊടുത്തത്. മനോരമയ്ക്ക് കോളം സെന്റിമീറ്ററിന് 2908 രൂപയും മാതൃഭൂമിക്ക് 1959 രൂപയുമാണ് വര്‍ധിപ്പിച്ചത്. മറ്റ് പത്രങ്ങള്‍ക്ക് നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. മാതൃഭൂമി, മനോരമ പത്രങ്ങള്‍ യുഡിഎഫ് അനുകൂല നിലപാട് സ്വീകരിക്കുന്നതായി സിപിഎമ്മും ബിജെപിയും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉള്‍പ്പടെയുള്ള വാര്‍ത്തകള്‍ പൂര്‍ണമായും തമസ്ക്കരിക്കുന്നതായാണ് ബിജെപിയുടെ ആരോപണം.
Discussion about this post