കൊച്ചി: ഹൈക്കോടതി വളപ്പില്‍ ബുധനാഴ്ച അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തില്‍ ജുഡീഷല്‍ അന്വേഷണത്തിനു ശിപാര്‍ശ. അഡ്വക്കറ്റ് ജനറല്‍ സുധാകര്‍ പ്രസാദ് ആണ് സര്‍ക്കാരിനും ആക്ടിംഗ് ചീഫ് ജസ്റ്റീസിനും ശിപാര്‍ശ നല്‍കിയത്. ജുഡീഷല്‍ അന്വേഷണത്തില്‍ സത്യം വെളിവാകുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അഭിഭാഷകര്‍ക്കും പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വീഴ്ച പറ്റിയെന്നും എജി കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച ഹൈക്കോടതിയില്‍ ഒരു വിഭാഗം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ അക്രമം അഴിച്ചുവിടുകയായിരുന്നു. കോടതിയില്‍ റിപ്പോര്‍ട്ടു ചെയ്യാനെത്തിയ വനിതാ പത്രപ്രവര്‍ത്തകരടക്കമുള്ളവരെ മണിക്കൂറുകളോളം ബന്ദികളാക്കി. കോടതി വളപ്പിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ മര്‍ദിക്കുകയും കോടതിയിലെ മീഡിയ റൂമില്‍ അതിക്രമിച്ചു കയറി വാതില്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. അക്രമത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതി വളപ്പില്‍ ധര്‍ണയിരുന്നു. ധര്‍ണയ്ക്കു നേരെയും ആക്രമണമുണ്ടായതോടെ പോലീസ് ലാത്തിവീശിയാണ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരെ പിന്തിരിപ്പിച്ചത്. അഭിഭാഷകരടക്കമുള്ളവര്ക്കു ലാത്തിയടിയേറ്റു. മാധ്യമപ്രവര്‍ത്തകരുടെ കുത്തിയിരിപ്പുസമരം അനിശ്ചിതമായി നീണ്ടതിനെത്തുടര്ന്നു ചീഫ് ജസ്റ്റീസ് സംഭവത്തില്‍ ഇടപെട്ടു.
യുവതിയെ പൊതുവഴിയില്‍ കടന്നു പിടിച്ചെന്ന പരാതിയില്‍ ഗവ. പ്ലീഡര്‍ ധനേഷ് മാത്യുവിനെതിരേ പോലീസ് കേസെടുത്തതിലും അതു മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതിലും പ്രതിഷേധിച്ചാണ് ഒരു സംഘം യുവ അഭിഭാഷകര്‍ മാധ്യമങ്ങള്‍ക്കുനേരേ തിരിഞ്ഞത്. ചൊവ്വാഴ്ചയും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ അക്രമം നടന്നിരുന്നു.
Discussion about this post