തിരുവനന്തപുരം: ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി ചർച്ച നത്തിയെന്ന് സ്ഥിരീകരിച്ച് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ഇ.പി ജയരാജനുമായി പല ഘട്ടങ്ങളിലുള്ള ചർച്ച നടന്നു. ബിജെപി സംസ്ഥാനത്തിന്റെ അറിവോട് കൂടിയായിരുന്നു ചർച്ച. യുഡിഎഫിലെ നേതാക്കളുമായും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം കൂടുതൽ നേതാക്കൾ പാർട്ടിയിൽ ചേരും. പല പേരുകളും ഞെട്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപി ജയരാജന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട വിവരം കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രനാണ് പുറത്തുവിട്ടത്. എന്നാൽ പേര് പറയാതെയായിരുന്നു ശോഭാ സുരേന്ദ്രന്റെ പരാമർശം. ഇത് വലിയ വാർത്തയായതിന് പിന്നാലെ ഇ.പി ജയരാജനാണ് ഇടത് നേതാവ് എന്ന് വെളിപ്പെടുത്തി കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ രംഗത്ത് വരികയായിരുന്നു. പ്രകാശ് ജാവ്‌ദേക്കറുമായി ഇ.പി ജയരാജൻ ചർച്ച നടത്തിയെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇതിന് പിന്നാലെ ആരോപണം ശരിവച്ചും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയും ദല്ലാൾ നന്ദകുമാറും രംഗത്ത് എത്തി. തിരുവനന്തപുരത്തെ ഫ്‌ളാറ്റിൽവച്ചായിരുന്നു ഇപിയും പ്രകാശ് ജാവ്‌ദേക്കറും തമ്മിൽ ചർച്ച നടത്തിയത് എന്നായിരുന്നു ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തൽ.
Discussion about this post