കോട്ടയം: മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അതിക്രമങ്ങള്‍ അരങ്ങേറുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലാണ് തര്‍ക്കമെന്നായിരുന്നു ഇത്രനാളും മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാല്‍ കോടതിയോ അഭിഭാഷകരോ ആവശ്യപ്പെടാതെയാണ് മാധ്യമപ്രവര്‍ത്തകരെ കോടതി പരിസരത്ത് നിന്ന് ബലമായി കസ്റ്റഡിയിലെടുത്തത്. ഇതെല്ലാം ആഭ്യന്തര വകുപ്പിന്റെ അറിവില്ലാതെയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ് കുമ്മനം പറഞ്ഞു.
സംസ്ഥാനത്ത് ഉണ്ടായ അഭിഭാഷക മാധ്യമ തര്‍ക്കത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളെ കോടതിയില്‍ നിന്ന് ആട്ടിയോടിക്കണം എന്നത് പിണറായി വിജയന് സര്‍ക്കാരിന്റെ രഹസ്യ അജണ്ടയാണ്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന വ്യാമോഹമാണ് ഇതിനു പിന്നില്‍. ഇതിനെ എന്തുവില കൊടുത്തും ബിജെപി ചെറുക്കുമെന്നും കുമ്മനം പറഞ്ഞു.
Discussion about this post