കോട്ടയം: ബാര്‍കേസുമായി ബന്ധപ്പെട്ട് യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് വിടുന്നു. തല്ക്കാലം ഒരു മുന്നണിയിലും ഉള്‍പ്പെടാതെ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം. എംഎല്‍എമാരുടെ യോഗത്തില്‍ പിജെ ജോസഫടക്കം എല്ലാവരും ഈ തീരുമാനം അംഗീകരിച്ചിട്ടുണ്ട്.
ചരല്‍ക്കുന്നില്‍ ആറ്, ഏഴ് തിയതികളില്‍ നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ ഈ തീരുമാനം പ്രഖ്യാപിക്കും.
കോണ്‍ഗ്രസ് നേതാക്കള്‍ തിരക്കിട്ടഅനുനയ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിലപ്പോയില്ല. കെഎം മാണി ധ്യാനത്തിന് പോയതിനാല്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ഇനി സാധ്യവുമല്ലെന്നാണ് സൂചന.പ്രത്യേക ബ്ലോക്കായി നിയമസഭയില്‍ ഇരിക്കാന്‍ തീരുമാനിച്ചെങ്കിലും തല്ക്കാലം തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണമാറ്റം ഉണ്ടാക്കേണ്ടന്നും ധാരണയായിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോട്ടയത്തുചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം എം.എല്‍.എ.മാര്‍, എം.പി.മാര്‍ എന്നിവരുമായി ചെയര്മാന് കെ.എം.മാണി ഒറ്റയ്ക്കും കൂട്ടായും ചര്‍ച്ച നടത്തിയിരുന്നു. എം.എല്‍.എ.മാരും എം.പി.മാരും ഒറ്റക്കെട്ടായി നേതൃത്വത്തിനൊപ്പമുണ്ട്.
111 സ്റ്റിയറിങ് കമ്മിറ്റിയംഗങ്ങള്‍, നിയോജകമണ്ഡലം പ്രസിഡന്റുമാര്‍, ഓഫീസ് ചുമതലയുള്ള ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍, പോഷകസംഘടനകളുടെ സംസ്ഥാന പ്രസിഡന്റുമാര്‍, അവയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് ചരല്‍ക്കുന്ന് ക്യാമ്പില്‍ പങ്കെടുക്കുന്നത്. യുഡിഎഫ് വിട്ട് വന്നാല്‍ സ്വീകരിക്കാന്‍ എന്‍ഡിഎ സഖ്യത്തിലുള്‍പ്പെടുത്താന്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വച്ച ഓഫര്‍ കേരള കോണ്‍ഗ്രസിന്റെ മുന്നിലുണ്ട്. ജോസ് കെ മാണിക്ക് കേന്ദ്രസഹമന്ത്രി സ്ഥാനം ഉള്‍പ്പടെയുള്ള ഉപാധികള്‍ വച്ച് എന്‍ഡിഎയില്‍ അംഗമാകുന്നത് സംബന്ധിച്ച് പാര്‍ട്ടി ഗൗരവമായി ചര്‍ച്ച ചെയ്യും. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഡല്‍ഹി കേന്ദ്രീകരിച്ച് അത്തരം ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കില്‍ തിടുക്കത്തിലൊരു തീരുമാനം വേണ്ടെന്നായിരുന്നു ചിലരുടെ നിലപാട്. അത്തരമൊരു സഖ്യ സാധ്യതയെ പി.ജെ ജോസഫും പൂര്‍ണമായി അംഗീകരിച്ചിരുന്നില്ല. ഇ്പ്പോള്‍ അത്തരം തടസ്സങ്ങള്‍ ഇല്ലെന്നാണ് വിലയിരുത്തല്‍.
നേരത്തെ എന്‍ഡിഎ സഖ്യം സംബന്ധിച്ച് ബിജെപി ദേശീയ നേതൃത്വവുമായി മൂന്ന് വട്ടം ചര്‍ച്ച നടന്നിരുന്നു. അമിത് ഷായെ ജോസ് കെ മാണി നേരിട്ട് കണ്ട് ചര്‍ച്ച നടത്തി. എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വം അന്ന് പൂര്‍ണമായും പച്ചകൊടി കാട്ടിയിരുന്നില്ല. ഇപ്പോള്‍ ബിജെപി സംസ്ഥാന ഘടകവും മാണിയുമായി സഖ്യം ഉണ്ടാക്കുന്നതിനെ സ്വാഗതം ചെയ്തിരിക്കുകയാണ്. നിയമസഭയില്‍ യുഡിഎഫിനെയും എല്‍ഡിഎഫിനെയും ഒരുപോലെ എതിര്‍ക്കാനുള്ള തീരുമാനം കേരള കോണ്‍ഗ്രസിന്റെ എന്‍ഡിഎ പ്രവേശനത്തിനുള്ള ആദ്യ ചവിട്ടുപടിയാണെന്നാണ് വിലയിരുത്തല്‍.
Discussion about this post