കൊച്ചി: മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍. വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങളും അജണ്ടയും പുറത്തുവിടണമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
നേരത്തെ സംസ്ഥാന വിവരാവകാശ കമ്മീഷനും മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് വിവരാവകാശ കമ്മിഷന് ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഈ കേസ് നടക്കുന്ന വേളയില്‍ തന്നെയാണ് കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ ഉത്തരവെത്തുന്നതും. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ അറിയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ജൂലൈ ഒന്നിനാണ് കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 12 വരെയുള്ള മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്കാന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ നേരത്തെ ഉത്തരവിട്ടത്. ഇക്കാലയളവിലുള്ള മന്ത്രിസഭാ തീരുമാനങ്ങള്‍ സംബന്ധിച്ച അജണ്ട, മിനുട്സ്, തീരുമാനങ്ങളില്‍ കൈക്കൊണ്ട നടപടികള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനു നല്കിയ വിവരാവകാശ അപേക്ഷയിലാണ് കമ്മീഷണര്‍ നേരത്തെ ഉത്തരവിട്ടിരുന്നത്.
Discussion about this post