കൊച്ചി: തിരുവനന്തപുരത്തിനും ഷൊര്‍ണൂരിനും ഇടയില്‍ 202 സ്ഥലങ്ങളില്‍ റെയില്‍ പാളങ്ങളില്‍ വിള്ളലുണ്ടെന്നും 100 കിലോമീറ്റര്‍ പാളം മാറ്റാതെ ഇത് പരിഹരിക്കാന്‍ കഴിയില്ലെന്നും മേലുദ്യോസ്ഥരെ നേരത്തേ അറിയിച്ചിരുന്നതാണെന്ന് സതേണ്‍ റെയില്‍വേ എഞ്ചിനീയേഴ്സ് അസോസിയേഷന്. അങ്കമാലികറുകുറ്റി ട്രെയിന്‍ അപകടത്തെ തുടര്‍ന്നാണ് എഞ്ചിനീയേഴ്സ് അസോസിയേഷന് ഇക്കാര്യം വ്യക്തമാക്കിയത്.
അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ദുരന്തം ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ പുതിയ പാളങ്ങള്‍ സ്റ്റോക്ക് ഇല്ലെന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ നല്കിയ മുന്നറിയിപ്പുകള്‍ ഉദ്യോഗസ്ഥര്‍ അവഗണിച്ചിരുന്നുവെന്നും, വേഗ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വിലക്കിയത് ഉദ്യോഗസ്ഥരാണെന്നും റെയില്‍വെ എന്‍ജിനീയേഴ്സ് അസോസിയേഷന് ആരോപിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനായ രാജു ഫ്രാന്‍സിസ് പാളങ്ങള്‍ മാറ്റി സ്ഥാപിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നതാണെന്നും അസോസിയേഷന് പറഞ്ഞു.
അതേസമയം അപകടത്തെ തുടര്‍ന്ന് റെയില്‍വെയുടെ ഉന്നത തല സംഘം എറണാകുളം സൗത്ത് റെയില്‍വേ ഏരിയാ മാനേജരുടെ ഓഫീസില്‍ തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്.അപകടം ഉണ്ടായ സാഹചര്യത്തില്‍ പാളങ്ങളില്‍ അറ്റകുറ്റപ്പണി നടത്താനുളള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ട്രെയിനുകള്‍ക്ക് വേഗനിയന്ത്രണം ഏര്‍പ്പെടുത്തി. ഷൊര്‍ണൂരിനും എറണാകുളത്തിനും ഇടയില്‍ 16 ഇടങ്ങളിലാണ് വേഗം കുറയ്ക്കാന്‍ നിര്‍ദേശമുളളത്. ഈ സ്ഥലങ്ങളില്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ തീവണ്ടി ഓടിച്ചാല്‍ മതിയെന്നാണ് റെയില്‍വെ നല്‍കിയിരിക്കുന്ന നിര്‍ദേശം. സെക്ഷന്‍ എന്‍ജിനീയറാണ് സ്റ്റേഷന് മാസ്റ്റര്‍ക്ക് ഇത് സംബന്ധിച്ച ഉത്തരവ് കൈമാറിയത്. വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
Discussion about this post