തിരുവനന്തപുരം: ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സെക്രട്ടറിയേറ്റില്‍ തന്നെ ഓഫിസ് വേണമെന്ന നിലപാടിലുറച്ച് വി.എസ് അച്യുതാനന്ദന്. തനിക്ക് അനുവദിച്ചിരിക്കുന്ന ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസിലേക്ക് താമസം മാറുന്നതിനിടെയാണ് വിഎസിന്റെ പ്രതികരണം. നിലവില്‍ വികാസ് ഭവന് സമീപത്താണ് ഓഫിസ് അനുവദിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റില്‍ തന്നെ ഓഫിസ് വേണം. എങ്കിലെ ഓഫിസിന്റെ പ്രവര്‍ത്തനം ഭംഗിയാക്കാന്‍ സാധിക്കുകയുള്ളു. ഓഫിസിന്റെ കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സര്‍ക്കാരുമായി കൂടിയാലോചിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടറിയേറ്റ് അനക്സ് രണ്ടില്‍ ഓഫിസ് അനുവദിക്കാമെന്നാണ് വിഎസിന് നേരത്തെ വാഗ്ദാനം നല്‍കിയിരുന്നത്. ഈ വാഗ്ദാനം ലംഘിച്ചെന്ന് കാട്ടിയാണ് വിഎസ് നേരത്തെ രംഗത്തെത്തിയത്. തുടര്‍ന്ന് സര്‍ക്കാരിന് കത്ത് നല്കി അദ്ദേഹം പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെ സിപിഐഎം പുറത്താക്കിയ മുന്‍ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരനെ അഡീഷനല്‍ പി.എ ആക്കാനടക്കമുള്ള വി.എസിന്റെ ശിപാര്‍ശയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തടഞ്ഞിരുന്നു.
ഈ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ വിഎസ് ഇന്നലെ മുതല്‍ ഔദ്യോഗിക വാഹനം ഉപയോഗിച്ച് തുടങ്ങിയിരുന്നു. പിന്നാലെയാണ് വാടകവീട് വിട്ട് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് എന്ന നിലയില്‍ അനുവദിച്ചിരിക്കുന്ന കവടിയാര്‍ ഹൗസിലേക്ക് മാറിയതും.
Discussion about this post