ഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ ഇളവ് ചെയ്ത സുപ്രീം കോടതി വിധിക്കെതിരെ ഈയാഴ്ച സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് നിയമമന്ത്രി എ.കെ ബാലന്. സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ഹാജരാകും. എ.കെ ബാലന് മുകുള്‍ റോത്തഗിയുമായി കൂടിക്കാഴ്ച നടത്തി. തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുമെന്നും എ കെ ബാലന് വ്യക്തമാക്കി.
അഡ്വ. തോമസ് പി. ജോസഫിനെ നിയമിച്ചത് മുന്‍ സര്‍ക്കാരാണ്. വിധി വന്ന ശേഷം യു.ഡി.എഫ് നടത്തുന്നത് തരംതാണ രാഷ്ട്രീയക്കളിയാണ്. കേസിന്റെ കാര്യങ്ങള്‍ അറ്റോര്‍ണി ജനറലുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നുവെന്നും കേസ് നടത്തിപ്പില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും എ.കെ ബാലന് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഗോവിന്ദചാമിയുടെ വധശിക്ഷ ഇളവ് ചെയ്ത് സുപ്രീം കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, യു.യു ലളിത് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ബലാത്സംഗക്കേസില്‍ ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവ് സുപ്രീം കോടതി ശരിവച്ചിരുന്നു.
Discussion about this post