ബംഗളൂരു: കാവേരി നദീ ജല തര്‍ക്കത്തില്‍ ജലം തമിഴ്നാടിന് വിട്ടു കൊടുക്കാനുള്ള സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍(എസ്) നേതാവുമായ എച്ച്.ഡി.ദേവഗൗഡ നിരാഹാര സമരം തുടങ്ങി. കര്‍ണാടക വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് ഗൗഡ സമരം ആരംഭിച്ചത്. ഭരണഘടനാ ശില്പി അംബേദ്കറിന്റേയും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടേയും പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഗൗഡ സമരം തുടങ്ങിയത്.
ഇന്നു മുതല്‍ ആറു ദിവസം 6000 ഘനഅടി വെള്ളം വിട്ടുനല്‍കാന്‍ കര്‍ണാടകത്തിന് സുപ്രീംകോടതി വെള്ളിയാഴ്ച അന്ത്യശാസനം നല്‍കിയിരുന്നു. തിങ്കളാഴ്ചയ്ക്കു മുന്‍പ് കാവേരി മാനേജ്മെന്റ് ബോര്‍ഡ് സ്ഥാപിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.
കാവേരി നദിയിലെ ജലം പങ്കു വയ്ക്കുന്ന കാര്യത്തില്‍ എന്നും കര്‍ണാടകയ്ക്ക് അനീതിയാണ് അനുഭവിക്കേണ്ടി വന്നിട്ടുള്ളതെന്ന് ദേവഗൗഡ പറഞ്ഞു. കര്‍ണാടകയെ സംബന്ധിച്ചടത്തോളം സുപ്രീംകോടതി വിധി മരണ വാറണ്ടാണ്. കര്‍ണാടകയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം ഇല്ലെങ്കില്‍ പോലും തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കേണ്ട അവസ്ഥയാണ്. ഈ സാഹചര്യം മനസിലാക്കാതെയാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലേയും ജലസംഭരണികളിലെ സാഹചര്യം പഠിക്കുന്നതിന് വിദഗദ്ധ സംഘത്തെ അയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ അടിയന്തരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. മന്ത്രിസഭയില്‍ ഈ വിഷയം ചര്‍ച്ച ചെയ്തതായാണ് മനസിലാക്കുന്നതെന്നും ഗൗഡ പറഞ്ഞു. അതിനിടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരുന്നുണ്ട്.
Discussion about this post