ഡല്‍ഹി: ഇന്ത്യ അടുത്തതായി ലക്ഷ്യം വെക്കേണ്ടത് ഹാഫിസ് സയ്യിദിനേയും ദാവൂദ് ഇബ്രാഹിമിനേയുമാണെന്ന് യോഗ ഗുരു ബാബാ രാംദേവ്. അവര്‍ ജീവിച്ചിരിക്കേണ്ട ആവശ്യമേയില്ല. അവര്‍ക്ക് എത്രയും പെട്ടെന്ന് മോക്ഷം കൊടുക്കണം. അവരുടെ മരണം ലോകത്തെമ്പാടും സമാധാനം കൊണ്ടുവരും. അതുവഴി മോദിയെ ജനങ്ങള്‍ എക്കാലം ഓര്‍ക്കുകയും ചെയ്യുമെന്നും രാംദേവ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിനിടെ ആയിരുന്നു രാംദേവിന്റെ വാക്കുകള്‍.
പന്നികള്‍ക്ക് മുന്പില് മുത്തെറിയുന്നതുപോലെയാണ് പാക്കിസ്ഥാനുമായി സമവായ ചര്‍ച്ചയ്ക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തിയിട്ട് ഒരു കാര്യവുമില്ലെന്നാണ് ചരിത്രം തെളിയിച്ചത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ യുദ്ധം വേണമെന്നല്ല, പാക്കിസ്ഥാന് ഒരു യുദ്ധത്തിന് ആഗ്രഹിക്കുകയാണെങ്കില്‍ ഇന്ത്യ അതിന് തയ്യാറാവണം. അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയിട്ടില്ലെന്ന ആരോപണത്തേയും രാംദേവ് നിഷേധിച്ചു. സര്‍ക്കാരിന്റെ കൈയില്‍ അതിന്റെ വ്യക്തമായ തെളിവുകള്‍ ഉണ്ട്്. എന്നാല്‍ കെജ് രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ അത് ഒരു രാഷ്ട്രീയ ആയുധമാക്കുകയാണ്. ഇന്ത്യ ഇത്തരമൊരു ആക്രമണം നടത്തിയിട്ടില്ലെങ്കില്‍ ഇമ്രാന്ഖാനെപ്പോലുള്ള എന്തിനാണ് ഇത്രയും രൂക്ഷമായ പ്രതികരണം നടത്തുന്നതെന്നും രാംദേവ് ചോദിക്കുന്നു.
പാക്കിസ്ഥാന് നമ്മുടെ സിനിമകളേയും സിനിമാതാരങ്ങളേയും അവിടെ നിരോധിച്ചിട്ടുണ്ട്. ആദ്യം വാര്‍ത്താചാനലുകള്‍ മാത്രമായിരുന്നു നിരോധിച്ചത്. ഇപ്പോള്‍ മറ്റ് വിനോദ ചാനലുകളും നിരോധിച്ചു. നീതിയും ധര്‍മ്മയും ഒരു കൂട്ടര്‍ക്ക് മാത്രം പറഞ്ഞതല്ല. ഇന്ത്യയെ ഇടിച്ചുതാഴ്ത്തി പാക്കിസ്ഥാനെ പുകഴ്ത്തുന്നത് അംഗീകരിക്കാനാവില്ല.-രാംദേവ് പറയുന്നു.
Discussion about this post