മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും, യൂറോപ്യന്‍ മേഖലയില്‍ ചേരികളിലുണ്ടാകുന്ന സ്ഥാനമാറ്റവും തുടങ്ങിയ സമകാലീന വിഷയങ്ങള്‍ ഇന്ത്യ ഉള്‍പ്പെടുന്ന ബ്രിക്സ് രാജ്യങ്ങളുടെ നയങ്ങളെ ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. കമ്മോഡിറ്റി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉത്പന്നങ്ങളുടെ വില നിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഊര്‍ജിത് പട്ടേല്‍ വ്യക്തമാക്കി. അടുത്ത ദിവസം നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചക്കോടിയ്ക്ക് മുന്നോടിയായി മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് ആഗോളവിഷയങ്ങള്‍ ഇന്ത്യ പോലെ അതിവേഗം വളരുന്ന രാജ്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ വിശദീകരിച്ചത്.
യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങാനുളള ബ്രിട്ടന്റെ തീരുമാനം ആഗോളസമ്പദ വ്യവസ്ഥയില്‍ ചലനങ്ങള്‍ സ്യഷ്ടിച്ചിരുന്നു. അതുപോലെ വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും, യൂറോപ്യന്‍ മേഖലയില്‍ ചേരികളിലുണ്ടാകുന്ന സ്ഥാനമാറ്റവും ബ്രിക്സ് രാജ്യങ്ങളെ ബാധിക്കുമെന്ന് ഊര്‍ജിത് പട്ടേല്‍ മുന്നറിയിപ്പ് നല്കി.
അതേസമയം ബ്രിക്സ് രാജ്യങ്ങളുടെ വളര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണെന്ന് വ്യക്തമാക്കിയ ഊര്‍ജിത് പട്ടേല്‍, ചൈനയും, ഇന്ത്യയും അടങ്ങുന്ന ഈ കൂട്ടായ്മ വലിയ നിക്ഷേപ സാധ്യതയാണ് തുറന്നുനല്‍കുന്നതെന്നും ചൂണ്ടികാട്ടി. പക്ഷേ കമ്മോഡിറ്റി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉത്പന്നങ്ങളുടെ വില നിയന്ത്രണം ഇന്ത്യ കൂടുതല്‍ കാര്യക്ഷമമായി നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഊര്‍ജിത് പട്ടേല്‍ വ്യക്തമാക്കി.
ആഗോളധനനയത്തിന്റെ ചലനങ്ങള്‍ ബ്രിക്സ് രാജ്യങ്ങള്‍ക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. മൂലധന ഒഴുക്കിനെ നിക്ഷേപമാക്കി മാറ്റാന്‍ ബുദ്ധിമുട്ട് നേരിടുന്നതും ഇന്ത്യ പോലുളള രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാകുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ആഗോളസമ്പദ് വ്യവസ്ഥയെക്കാള്‍ മെച്ചപ്പെട്ട സാമ്പത്തികവളര്‍ച്ച ബ്രിക്സ് രാജ്യങ്ങള്‍ കൈവരിക്കുമെന്നും ഊര്‍ജിത് പട്ടേല്‍ പ്രവചിച്ചു. ആഗോളസമ്പദ് വ്യവസ്ഥ 3.1 ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം 5.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ബ്രിക്സ് രാജ്യങ്ങള്‍ ശ്രദ്ധിക്കപ്പെടുമെന്ന് ഊര്‍ജിത് പട്ടേല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം സ്വതന്ത്രവ്യാപാര കരാര്‍ വേഗത്തിലാക്കാനുളള ബ്രിക്സ് രാജ്യങ്ങളുടെ നീക്കം ഭിന്നിപ്പ് സൃഷ്ടിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ വ്യവസായ മന്ത്രി റോബ് ഡേവിസ് മുന്നറിയിപ്പ് നല്കി. വ്യവസായ രാജ്യങ്ങളും, ഇനിയും വ്യവസായവല്കൃതമാകേണ്ട രാജ്യങ്ങളും തമ്മില്‍ ഭിന്നത ഉണ്ടാകുന്നതിന് ഇത് ഇടയാക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post