തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍, കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തരെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കണ്ടാലറിയാവുന്ന എട്ടു അഭിഭാഷകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്‍ പ്രഭാത് നായര്‍ നല്കിയ പരാതിയില്‍ കണ്ടാലറിയാവുന്ന പത്തോളം അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍, വനിതാ മാദ്ധ്യമ പ്രവര്‍ത്തകര്‍ നല്കിയ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഇത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരായ ഹര്‍ജി പരിഗണിച്ച വെള്ളിയാഴ്ചയായിരുന്നു മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം ഉണ്ടായത്. പി.ടി.ഐ ലേഖകന്‍ ജെ. രാമകൃഷ്ണന്റെ കോളറില്‍ കുത്തിപ്പിടിച്ചു കോടതിക്ക് പുറത്താക്കി. പ്രഭാത് നായരെ മര്‍ദ്ദിച്ച ശേഷമാണ് വനിതാ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകസംഘം തിരിഞ്ഞത്.
Discussion about this post