കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജൽദാപര ദേശീയോദ്യാനത്തിൽ വിനോദസഞ്ചാരികളുടെ വാഹനത്തിന് നേരെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ആക്രമണം. ഏഴ് പേർക്ക് പരിക്കേറ്റു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ സഞ്ചരിച്ച സഫാരി ജീപ്പിന് നേരെയായിരുന്നു ആക്രമണം.
പാർക്കിനുളളിലെ റോഡിലൂടെ തുറന്ന സഫാരി ജീപ്പുകളിൽ യാത്ര ചെയ്യുകയായിരുന്നു വിനോദസഞ്ചാരികൾ. വനംവകുപ്പ് ഉദ്യോഗസ്ഥരും ഇവർക്കൊപ്പം ഉണ്ടായിരുന്നു. കാടിനുള്ളിൽ നിന്ന കാണ്ടാമൃഗത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നതിനിടെ കാടിന്റെ മറവിൽ നിന്നിറങ്ങിയ മൃഗങ്ങൾ മുൻപിലുണ്ടായിരുന്ന വാഹനത്തിന് നേർക്ക് പാഞ്ഞടുക്കുകയായിരുന്നു. വാഹനം പിന്നോട്ടെടുത്തെങ്കിലും റോഡിന്റെ വശത്തുണ്ടായിരുന്ന ചതുപ്പിലേക്ക് ചരിയുകയായിരുന്നു. വാഹനം മറിഞ്ഞാണ് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റത്.
പരിക്കേറ്റവരെ ആദ്യം മഡാരിഹട്ട് ഹെൽത്ത് സെന്ററിലേക്കും പിന്നീട് അലിപൂർദൂർ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. തലനാരിഴയ്ക്കാണ് വിനോദസഞ്ചാരികൾ രക്ഷപെട്ടത്. ഇത്തരം സംഭവം ആദ്യമായിട്ടാണ് നേരിടുന്നതെന്ന് വാഹനത്തിന്റെ ഡ്രൈവർ കമാൽ ഗാസി പറഞ്ഞു.
പാർക്കിൽ മൃഗങ്ങളുളള മേഖലകളിൽ സുരക്ഷിത അകലം പാലിക്കണമെന്ന് നിർദ്ദേശിച്ച് കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.
I think it’s about time guidelines for safety and rescue in adventure sports are implemented in wildlife safaris across the country. Safaris are becoming more of adventure sports now!
Jaldapara today! pic.twitter.com/ISrfeyzqXt— Akash Deep Badhawan, IFS (@aakashbadhawan) February 25, 2023









