കോഴിക്കോട്: എലത്തൂർ കോരപ്പുഴയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എസ്.പി.കൃഷ്ണവേണി മരിച്ചു. മഹിളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. അപകടത്തിൽ കൃഷ്ണവേണിയുടെ മകൻ അതുലും അതുലിന്റെ ഒരു വയസ്സുള്ള മകൻ അൻവിഖും മരിച്ചിരുന്നു. അതുലിന്റെ ഭാര്യ മായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഒന്‍പതാം തിയതി അര്‍ധരാത്രിയോടെയാണ് അപകടം നടന്നത്.
മരിച്ച അതുൽ കെ.മുരളീധരൻ എംപിയുടെ ഡ്രൈവറാണ്. അതുൽ, ഭാര്യ, മകൻ, ഭാര്യാമാതാവ് കൃഷ്ണവേണി എന്നിവരാണ് അപകടസമയത്ത് ബൈക്കിൽ സഞ്ചരിച്ചത്. കൊയിലാണ്ടിയിൽ ഒരു ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. കാർ യാത്രക്കാരായ വടകര സ്വദേശികൾ സായന്ത്, സൗരവ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.












