കൊച്ചി: പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ. കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവുമൊത്ത് ഇവിടെ താമസിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് സൂചന. പോലീസ് ഗിരീഷിന്റെ വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച നിരവധി പൊതുതാത്പര്യ ഹർജികളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്. മാസപ്പടി, പാലാരിവട്ടം അഴിമതി അടക്കം ഒട്ടേറെ കേസുകളിലെ ഹർജിക്കാരനായിരുന്നു.
പാലാരിവട്ടം അഴിമതി, വീണ വിജയനെതിരായ മാസപ്പടി കേസ് എന്നിവയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ഹർജി നൽകിയിട്ടുണ്ട്. മാസപ്പടി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മരണം. മാസപ്പടിയിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ആദ്യ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഹർജി തള്ളിയതോടെയാണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്.












