കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന് പ്രസവിക്കാനിടയായ സംഭവത്തില്‍ അറസ്റ്റിലായ വൈദികനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. നേരത്തെ ഇതേ വൈദികന്റെ പീഡനത്തിന് ഇരയായ ഒരു യുവതി ആത്മഹത്യ ചെയ്തിരുന്നുവെന്ന വിവരമാണ് പുറത്തുവന്നത്. എന്നാല്‍ അന്ന് പീഡന വിവരം പുറത്ത് വരാതിരിക്കാന്‍ വൈദികന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പല ഉന്നതകേന്ദ്രങ്ങളും മൗനം പാലിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. സംഭവം നടക്കുമ്പോള്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയ എസ്.ഐയെ പണം കൊടുത്ത് വരുതിയില്‍ നിര്‍ത്തി സംഭവം വഴിമാറ്റി വിട്ടതാണെന്നാണ് പറയപ്പെടുന്നത്. യുവതി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി വിശ്വാസികള്‍ ഇതിനകം മുന്നോട്ട് വന്നിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ വൈദികനെ രക്ഷിക്കാന്‍ ഉന്നതങ്ങളിലെ ഇടപെടല്‍ തുടക്കം മുതലേ ഉണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന മറ്റൊരു വിവരം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിക്കാനെത്തിയതും സഭയുടെ കീഴിലെ ആശുപത്രിയിലായിരുന്നു. ഇവര്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഈ വിവരം പൊലീസില്‍ അറിയിക്കാതെ ആശുപത്രി അധികൃതര്‍ മറച്ച് വെച്ചതും വൈദീകനെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു. പ്രസവത്തെ തുടര്‍ന്ന് കുട്ടിയെ മാറ്റിയതും സഭയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലേക്കായിരുന്നു. ഈ സ്ഥാപനത്തിന്റെ അധികൃതരും കുട്ടിയുടെ വിവരം മറച്ച് വയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞ പൊലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്ത നടപടിയും വിവാദത്തിന് കാരണമായി. നിലവിലുള്ള നിയമങ്ങള്‍ പാലിക്കാതെ അര്‍ദ്ധരാത്രിയിലാണ് പൊലീസ് ബാലസദനത്തിലെത്തി നവജാത ശിശുവുനെ കസ്റ്റഡിയിലെടുത്തത്.
കാനഡയില്‍ വന്‍ നിക്ഷേപവും തോട്ടവും റോബിന് വടക്കുംച്ചേരിക്കുണ്ടെന്ന ആരോപണവുമുണ്ട്. തക്കാളി തോട്ടം, ഫാം, മറ്റ് ചില നിക്ഷേപങ്ങള്‍ എന്നിവയാണ് ഇയാളുടെ പേരില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിനിടെ റോബിന് വടക്കുംച്ചേരി നൂറിലധികം പെണ്‍കുട്ടികളെ വിസിറ്റിംഗ് വിസയും തൊഴില്‍ വിസയും നല്കി കാനഡയില്‍ എത്തിച്ചതായും പറയുന്നു. എന്നാല്‍ ഈ ലിസ്റ്റില്‍ ആണ്‍കുട്ടികള്‍ ആരുമില്ലെന്നാണ് സൂചന. കൊട്ടിയൂര്‍ മേഖലയില്‍ നിന്ന് മാത്രമല്ല മറ്റ് ചില ഇടവകയില്‍ നിന്നും കുട്ടികള്‍ കാനഡയിലേക്ക് എത്തിയിട്ടുണ്ട്. ഇയാളുടെ അനധികൃത സ്വത്ത് വെളിപ്പെടുത്തല്‍ കൂടി ഈ മനുഷ്യക്കടത്തിന് പിന്നിലുണ്ടെന്നാണ് സൂചന. വൈദികന് കയറ്റി അയച്ച കുട്ടികളുടെ സ്ഥിതി എന്താണെന്ന് എംബസി വഴി അന്വേഷണം നടത്തണമെന്നും ആവശ്യമുയരുകയാണ്.
പെണ്‍കുട്ടി പ്രസവിച്ച കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജാ ആശുപത്രിക്കെതിരെ അരോഗ്യവകുപ്പും പൊലീസിലും അന്വേഷണം ആരംഭിച്ചു. കൂടുതല്‍ അന്വേഷണത്തിനായി റിമാന്റില്‍ കഴിയുന്ന വൈദികനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണ സംഘം ഇന്ന് അപേക്ഷ നല്‍കും എന്നാണ് വിവരം.
Discussion about this post