കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണത്തില്‍ തെളിയുന്നു. കൂടാതെ പെണ്‍കുട്ടി പ്രസവിച്ച സംഭവം ഒളിച്ചുവെക്കാനും കുറ്റം മറയ്ക്കാനുമായി വന്‍ ഗൂഢാലോചന നടന്നതായും വ്യക്തമാകുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണ് വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തത്.
പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ ഏറ്റെടുക്കുമ്പോള്‍ രജിസ്റ്ററില്‍ പെണ്‍കുട്ടിയുടെ പ്രായം 16 എന്നതിന് പകരം 18 എന്ന് തിരുത്തി എഴുതുകയായിരുന്നു. ഫെബ്രുവരി ഏഴാം തിയതി എത്തിച്ച കുഞ്ഞിനെ ഇരുപതിനാണ് ഹാജരാക്കുന്നത്. ഇതിലും വീഴ്ച സംഭവിച്ചു. സാമൂഹിക നീതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. മാമോദീസ രേഖയിലും എസ്എസ്എല്‍സി ബുക്കിലും പ്രായം തിരുത്തി വ്യാജരേഖ നിര്‍മ്മിച്ചതായും തിരുത്തിയ രേഖകളില്‍ സി.ഡബ്ല്യു.സി ചെയര്മാന് ഒപ്പുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗമായ കന്യാസ്ത്രീ ജോലിചെയ്യുന്ന ആശുപത്രിയില്‍ വച്ചാണ് കുട്ടിയെ കൈമാറുന്നതിനുളള നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും വ്യക്തമായിട്ടുണ്ട്. അഞ്ചു കന്യാസ്ത്രീകള്‍ അടക്കം കേസില്‍ എട്ടു പ്രതികളാണുളളത്. ഇതില്‍ ഒരാളെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് അറിയുന്നത്. പെണ്‍കുട്ടി പ്രസവിച്ച കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റലിലെയും വൈത്തിരിയിലെ അനാഥമന്ദിരത്തിലെയും ജീവനക്കാരാണ് പ്രതികള്‍. ഡോക്ടര്‍മാരായ സിസ്റ്റര്‍ ടെസി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ഓര്‍ഫനേജിലെ സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ലിസി മരിയ, മാതൃവേദി അംഗം തങ്കമ്മ, ഡോ. ഹൈദരാലി എന്നിവരാണ് പ്രതികള്‍.
Discussion about this post