കല്‍പ്പറ്റ: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന് പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ കന്യസ്ത്രീകള്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതായി സൂചന. വൈത്തിരിയിലെ അനാഥാലയത്തിലേക്ക് നവജാത ശിശുവിനെ, സിസ്റ്റര്‍ ലിസ്മരിയയും സിസ്റ്റര്‍ അനീറ്റയും കൊണ്ടുവന്നത് മറ്റാരുടെയോ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്നാണ് പോലീസ് നിഗമനം. വിദേശത്തേക്ക് കടക്കാന്‍ ടിക്കറ്റെടുത്തതിന്റെ കൂടുതല്‍ വിവരങ്ങളറിയാന്‍ ഫാ.റോബിനെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. അതിനിടെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ശിശുക്ഷേമ സമിതി പിരിച്ചുവിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
കേസിലുള്‍പ്പെട്ടിട്ടുള്ള ഫാദര്‍ തോമസ് ജോസഫ് തേരകവും സിസ്റ്റര്‍ ബെറ്റി ജോസും ശിശു ക്ഷേമ സമിതി ഭാരവാഹികളായിരുന്നു. നിലവില്‍ അഞ്ചു കന്യാസ്ത്രീകളടക്കം എട്ടുപേരാണ് പ്രതിസ്ഥാനത്തുള്ളത്. ക്രിസ്തുരാജ ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ വയനാട്ടിലെത്തിച്ചത് സിസ്റ്റര്‍ അനീറ്റയും മാതൃവേദി പ്രവര്‍ത്തക തങ്കമ്മയുമാണ്. ഇവര്‍ ഇതിനു തയാറായത് മറ്റാരുടെയോക്കെയോ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്നാണ് പോലിസിന്റെ നിഗമനം. മഠത്തില്‍ നിന്നും രാത്രി പുറത്തിറങ്ങാന്‍ മദര്‍ സുപ്പീരിയറുടെയും മേല്‍നോട്ടം വഹിക്കുന്ന പുരോഹിതന്റെയും അനുമതി ആവശ്യമാണ്. അതുകൊണ്ടുതന്നെ സിസ്റ്റര്‍ അനീറ്റയും സിസ്റ്റര്‍ ലിസ് മരിയയും നവജാത ശിശുവുമായി വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് പോയത് പലരും അറിഞ്ഞിരുന്നു. എന്നിട്ടും തടയാതിരുന്നത് മേലധികാരികളുടെ സമ്മര്‍ദ്ദം മൂലമാണെന്ന സംശയവും പോലീസിനുണ്ട്. തങ്കമ്മ ലിസ്മരിയയുടെ അമ്മയാണ്.
കാനഡക്ക് പോകാന്‍ സഹായിച്ചവരടക്കം മുഴുവന്‍ കാര്യങ്ങളും ചോദിച്ചറിയാനാണ് പോലീസിന്റെ ലക്ഷ്യം. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുഴുവന്‍ ആളുകളും ഇപ്പോള്‍ ഒളിവിലാണ്. അവര്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ തുടരുന്നുണ്ട്. വയനാട്ടിന്റെ വിവിധ മേഖലകളില്‍ പ്രത്യേക പോലീസ് സംഘം തന്നെ ഇതിനായി നിലയുറപ്പിച്ചുകഴിഞ്ഞു. ഇന്നലെ രാത്രി ചില കന്യാസ്ത്രീ മഠങ്ങളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. പ്രതികള്‍ കോടതിയില്‍ കീഴടങ്ങും മുമ്പ് പിടികൂടുമെന്ന ഉറച്ചനിലപാടിലാണ് പോലീസ്. എന്നാല്‍ പോലീസ് അറസ്റ്റും തുടര്‍ന്നുണ്ടാകുന്ന ബഹളങ്ങളുമുണ്ടാക്കുന്ന നാണക്കേടില്‍ നിന്നും തലയൂരാന്‍ സഭയും കാര്യമായി ശ്രമിക്കുന്നുണ്ട്.
Discussion about this post