തിരുവനന്തപുരം: കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം തടയുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവം പൊലീസിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷം നിലപാടെടുത്തപ്പോഴാണ് മുഖ്യമന്ത്രി ഇതു ശരിവച്ചത്. അക്രമം കാട്ടിയവരെ പിന്തിരിപ്പിക്കാന് സ്ഥലത്തുണ്ടായിരന്ന പൊലീസ് ശ്രമിച്ചില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശിവസേനക്കാര്‍ മറൈന്‍ ഡ്രൈവിലുണ്ടായിരുന്ന സ്ത്രീകളെയും പുരുഷന്മാരെയും അടിച്ചോടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. ഹൈബി ഈഡന് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എസ്ഐയെ സസ്പെന്‍ഡ് ചെയ്യുകയും പൊലീസുകാരെ സ്ഥലംമാറ്റുകയും ചെയ്തെങ്കിലും പാളിച്ച പരിഹരിക്കാന്‍ ഇതൊന്നും പര്യാപ്തമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതില്‍ ഉണ്ടാകുന്ന വീഴ്ചകളും നിയമസഭയില്‍ പ്രതിപക്ഷം ആയുധമാക്കുമെന്നാണ് വിവരം.
Discussion about this post