വര്‍ക്കല: തിരുവനന്തപുരം വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. എംജിഎം സ്കൂളിലെ അര്ജുന് എന്ന വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. സ്കൂള്‍ അധികൃതരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ ആരോപിച്ചു. മാര്‍ക്ക് കുറഞ്ഞതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയെ സ്കൂള്‍ അധികൃതര്‍ പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കുട്ടിയുെട മരണശേഷമാണ് പരീക്ഷയില്‍ കോപ്പിയടിച്ചുവെന്ന ആരോപണം സ്കൂള്‍ അധികൃതര്‍ ഉയര്‍ത്തുന്നതെന്നും അര്‍ജുന്റെ ബന്ധുക്കള്‍ അറിയിച്ചു.
എന്നാല്‍, ആരോപണങ്ങള്‍ എംജിഎം സ്കൂള്‍ അധികൃതര്‍ നിഷേധിച്ചു. വിദ്യാര്‍ഥിയെ മാനസികമായി പീഡിപ്പിച്ചിട്ടില്ല. രക്ഷിതാക്കളെ വിവരമറിയിക്കുമെന്ന് പറഞ്ഞതേയുള്ളുവെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
ഇന്നലെയാണ് അര്‍ജുനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ ഒരു സംഘം കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയിരുന്നു. മറ്റൊരു സ്കൂളില്‍ നിന്നും വന്നതായതിനാല്‍ സിലബസ് പ്രശ്നമായിരിക്കുമെന്നും അടുത്ത പരീക്ഷകളില്‍ മികച്ച മാര്‍ക്ക് വാങ്ങാമെന്നും അര്‍ജുനും അമ്മയും സ്കൂള്‍ അധികൃതരോട് പറഞ്ഞു. എന്നാല്‍, വൈസ് പ്രിന്‍സിപ്പല്‍ രാജീവ് എന്ന അധ്യാപകനാണ് കുട്ടിയെ മാനസികമായി പീഡിപ്പിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അമ്മയുടെ മുന്നില്‍ വച്ച് പരസ്യമായും പിന്നീട് മറ്റൊരു മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയും ഈ അധ്യാപകന് മാനസികമായി വിഷമിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സ്കൂളില്‍ പ്രശ്നങ്ങള്‍ ഉണ്ടായതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
Discussion about this post