പനാജി: ഗോവ നിയമസഭയിൽ മനോഹർ പരീകർ സർക്കാർ വ്യാഴാഴ്ച ശക്തി തെളിയിക്കും. സുപ്രീംകോടതി നിർദേശപ്രകാരമാണ് വിശ്വാസവോട്ട് തേടുന്നത് നേരത്തെയാക്കിയത്. 17 അംഗങ്ങളുമായി വലിയ ഒറ്റകക്ഷിയായിരിക്കെ തങ്ങളെ മറികടന്ന് ഗവർണർ മൃദുലാ സിൻഹ 13 പേരുള്ള ബി.ജെ.പിയെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ചതിെനതിരെ കോൺഗ്രസ് നൽകിയ ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്.
ഗോവ നിയമസഭയിലെ 40 അംഗങ്ങളിൽ 21 പേരുടെ പിന്തുണ ഉറപ്പാക്കിയ ബി.ജെ.പി കൂടെനിന്ന ചെറുപാർട്ടി എം.എൽ.എമാർക്കും രണ്ട് സ്വതന്ത്രർക്കും മന്ത്രിസഭയിൽ ഇടം നൽകി. ചൊവ്വാഴ്ചയായിരുന്നു പരീകർ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. പരീകർ അടക്കം അധികാരമേറ്റ 10 പേരിൽ മൂന്നുപേർ മാത്രമാണ് ബി.ജെ.പിയിൽ നിന്നുള്ളത്. ഇനി അവശേഷിക്കുന്നത് രണ്ടുപേർ മാത്രമാണ്. ഇവരുടെ പിന്തുണ കോൺഗ്രസിന് ഉപകരിക്കില്ല. ഭൂരിപക്ഷം തെളിയിച്ചതിനുശേഷം വകുപ്പ് വിഭജനം നടത്തുമെന്ന് പരീകർ പറഞ്ഞു.
Discussion about this post