ധര്‍മ്മശാല: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് ഓസീസിന്റെ ഒന്നാമിന്നിങ്സ് സ്കോറിനൊപ്പമെത്താന്‍ 52 റണ്‍സ് കൂടി വേണം. നിലവില്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെന്ന നിലയിലാണ്. ലോകേഷ് രാഹുലും ചേതേശ്വര്‍ പൂജാരയും ഇന്ത്യക്കായി അര്‍ധസെഞ്ചുറി നേടി. 11 റണ്‍സെടുത്ത മുരളി വിജയിയെ പത്താം ഓവറില്‍ നഷ്ടപ്പെട്ട ഇന്ത്യയുടെ ഇന്നിങ്സ് പിന്നീട് പൂജാരയും രാഹുലും ചേര്‍ന്ന് മുന്നോട്ടു നയിക്കുകയായിരുന്നു. പരമ്പരയിലെ ഫോം തുടരുന്ന രാഹുല്‍ 124 പന്തില്‍ 60 റണ്‍സ് നേടിയപ്പോള്‍ പൂജാര 57 റണ്‍സ് കണ്ടെത്തി. പരമ്പരയിലെ തന്റെ അഞ്ചാം അര്‍ധസെഞ്ചുറിയാണ് ലോകേഷ് രാഹുല്‍ ധര്‍മ്മശാലയില്‍ നേടിയത്. ഇരുവരും രണ്ടാം വിക്കറ്റില്‍ 87 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ രാഹുലിനെ പുറത്താക്കി കമ്മിന്‍സ് ഈ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. പിന്നീട് അജിങ്ക്യെ രഹാനെ ഇന്ത്യയുടെ സ്കോറിനോട് 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അശ്വിന് 30 റണ്‍സും കണ്ടെത്തി. നിലവില്‍ വൃദ്ധിമാന്‍ സാഹയും രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. ഓസ്ട്രേലിയക്കായി നഥാന്‍ ലിയോണ്‍ നാല് വിക്കറ്റ് വീഴ്ത്തി.
നേരത്തെ വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ഇന്ത്യക്കായി അരങ്ങേറിയ കുല്‍ദീപ് യാദവിന്റെ ബൗളിങ്ങാണ് ഓസീസിനെ കൂറ്റന്‍ സ്കോറില്‍ നിന്നും തടഞ്ഞത്. സ്റ്റീസ് സ്മിത്തിന്റെ സെഞ്ചുറിയും ഡേവിഡ് വാര്‍ണറുടെയും മാത്യു വെയ്ഡിന്റെയും അര്‍ധസെഞ്ചുറിയും ഒഴിച്ചു നിര്‍ത്തിയാല്‍ ഓസീസ് ബാറ്റ്സ്മാന്മാര് അമ്പേ പരാജയമായിരുന്നു. കളി തുടങ്ങി രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ മാറ്റ് റെന്‍ഷായെ നഷ്ടപ്പെട്ട ഓസീസിനെ സ്്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ചേര്‍ന്ന കര കയറ്റിയെങ്കിലും പിന്നീട് മധ്യനിര തകരുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 143 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ശക്തമായ നിലയില്‍ നില്‍ക്കെ വാര്‍ണറെ പുറത്താക്കി ഇന്ത്യയുടെ അരങ്ങേറ്റ താരം കുല്‍ദീപ് യാദവാണ് ആ കൂട്ടുകെട്ട് പൊളിച്ചത്. 56 റണ്‍സെടുത്ത വാര്‍ണറെ കുല്‍ദീപ് രഹാനെയുടെ കൈകളിലെത്തിച്ചു.
പിന്നീട് ക്രീസിലെത്തിയ ഷോണ്‍ മാര്‍ഷിനെ ഉമേഷ് യാദവ് പുറത്താക്കി. അധികം വൈകാതെ ഹാന്‍ഡ്സ്കോമ്പിനെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും പുറത്താക്കി കുല്‍ദീപ് യാദവ് ഓസീസിന് കൂടുതല്‍ പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ ഒരറ്റത്ത് പിടിച്ചു നിന്ന് സ്റ്റീവ് സ്മിത്ത് പരമ്ബരയിലെ തന്റെ മൂന്നാം സെഞ്ചുറി കുറിച്ചു. 111 റണ്‍സെടുത്ത സ്മിത്തിനെ അശ്വിന് പുറത്താക്കുകയായിരുന്നു.
കമ്മിന്‍സും മാത്യു വെയ്ഡും കൂട്ടുകെട്ടുണ്ടാക്കി മുന്നേറാന്‍ ശ്രമിച്ചെങ്കിലും കമ്മിന്‍സിനെ തന്റെ പന്തില്‍ തന്നെ ക്യാച്ച് ചെയ്ത് കുല്‍ദീപ് യാദവ് അടുത്ത പ്രഹരമേല്‍പ്പിച്ചു. കുമ്മിന്‍സ് 21 റണ്‍സിന് പുറത്ത്. പിന്നീട് ഒക്കീഫെയുടെ ഊഴമായിരുന്നു. ഒക്കീഫെ റണ്‍ഔട്ട് ആയതോടെ ഓസീസ് കൂടുതല്‍ പരുങ്ങലിലായി.
57 റണ്‍സുമായി ചെറുത്ത് നില്‍പ്പ് നടത്തിയ മാത്യു വെയ്ഡിനെ ജഡേജ പുറത്താക്കിയതിന് പിന്നാലെ നഥാന്‍ ലിയോണിനെ പൂജാരയുടെ കൈകളിലെത്തിച്ച് ഭുവനേശ്വര്‍ കുമാര്‍ ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചു. ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിച്ചിരുന്നു. റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയില്‍ പിരിയുകയും ചെയ്തു.
Discussion about this post