തൃശ്ശൂര്‍: ടി.പി. കേസിലുള്‍പ്പെട്ടവര്‍ക്ക് അടിയന്തര പരോള്‍ നല്കുമ്പോള് മറ്റൊരാള്‍ക്ക് മരിച്ച അമ്മയെ കാണാന്‍ പരോളിന് അനുവാദമില്ല. തൃശ്ശൂര്‍ വിയ്യൂര്‍ ജയിലിലാണ് തടവുപുള്ളികള്‍ക്ക് രണ്ടു നിയമം നടപ്പിലാക്കുന്നത്. അടിയന്തര പരോളാണ് ടി.പി. കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഘട്ടം ഘട്ടമായി ഇവിടെ നല്‍കുന്നത്. പലതും നീട്ടിനല്‍കുകയും ചെയ്യുന്നു. കൊടിസുനിയും അനൂപും ഇത്തരം പരോള്‍ നേടിക്കഴിഞ്ഞു.
എന്നാല്‍ ദിവസങ്ങള്‍ക്കുമുമ്പ് തടവുപുള്ളിയായെത്തിയ കുന്നംകുളം ആലുക്കവീട്ടില് ഷിന്റോ വിന്‍സെന്റിനാണ് വാഹനാപകടത്തില്‍ മരിച്ച അമ്മയുടെ മൃതദേഹം കാണാന്‍ പോലും പരോള്‍ അനുവദിക്കാതിരുന്നത്.
ക്രമസമാധാനപ്രശ്നം ഇല്ലെന്ന പോലീസിന്റെ റിപ്പോര്‍ട്ട്, വില്ലേജ് ഓഫീസര്‍ വഴി തഹസില്‍ദാര്‍ നല്കുന്ന സോള്‍വെന്‍സി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയെല്ലാം ഹാജരാക്കിയാല്‍ മാത്രമേ അടിയന്തര പരോള്‍ അനുവദിക്കൂ എന്നാണ് അന്ന് ജയിലധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കൊടിസുനിക്കും അനൂപിനും ക്രമസമാധാനപ്രശ്നമുണ്ടാവില്ലെന്ന പോലീസിന്റെ റിപ്പോര്‍ട്ട് കിട്ടിയോ എന്നതു വ്യക്തമല്ല. അഥവാ പോലീസ് ഇത്തരമൊരു റിപ്പോര്‍ട്ട് നല്കിയെങ്കില് ഷിന്റോക്ക് പോലീസ് എന്തുകൊണ്ട് ഇത്തരം ഒരു റിപ്പോര്‍ട്ട് നല്കിയില്ലെന്നതും ചോദ്യമാകുന്നു.
അടിയന്തര പരോള്‍ വേണ്ടെന്നു ഷിന്റോ എഴുതി നല്‍കിയെന്നാണ് ജയിലധികൃതരുടെ വാദം. എന്നാല്‍ ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന് ഓഫീസില്‍ നിന്നും ജയിലില്‍ ബന്ധപ്പെട്ടപ്പോള്‍ അകമ്പടി പോകാന്‍ വേണ്ടത്ര പോലീസുകാരില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
Discussion about this post