പനാജി: വെസ്റ്റേണ്‍ ഫ്രണ്ടിനെതിരെ ആക്രണം നടത്താന്‍ ധൈര്യമുണ്ടോ എന്ന് കേന്ദ്ര വാര്‍ത്താവിതരണ സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിനോടുള്ള ടെലിവിഷന്‍ അവതാരകന്റെ ചോദ്യമാണ് പാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് മുന്‍ പ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍. പനാജിയില്‍ നടന്ന വ്യവസായികളുടെ യോഗത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു പരീക്കര്‍.
2016 സെപ്റ്റംബര്‍ 29-ലെ മിന്നലാക്രമണത്തിനായി 15 മാസങ്ങള്‍ക്കു മുന്‍പുതന്നെ പദ്ധതിയിട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2015 ല്‍ മണിപ്പൂരില്‍ എന്എസ്സിഎന്-കെ നടത്തിയ ഒളിയാക്രമണത്തിനു മറുപടിയായി ഇന്ത്യ നല്കിയ തിരിച്ചടിയെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് രാജ്യവര്‍ധന്‍ സിങ് റാത്തോഡിനെ അവതാരകന് പരിഹസിച്ചത്.
2015 ജൂണ്‍ നാലിനാണ് ഭീകരഗ്രൂപ്പായ എന്എസ്സിഎന്-കെ മണിപ്പൂരിലെ ചന്ദല്‍ ജില്ലയില്‍വച്ച് ഇന്ത്യന്‍ സൈനിക വ്യൂഹത്തിനെതിരെ ആക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ 18 സൈനികരാണ് കൊല്ലപ്പെട്ടത്. 200 പേരുമാത്രമുള്ള ചെറിയൊരു ഭീകരസംഘടനയാണ് 18 ദോഗ്ര സൈനികരെ കൊലപ്പെടുത്തിയത്. ഇതറിഞ്ഞപ്പോള്‍ അപമാനിതനായപോലെ തോന്നി. തുടര്‍ന്നാണ് മ്യാന്മര് അതിര്‍ത്തിയില്‍ നടത്തിയ ആദ്യ മിന്നലാക്രമണത്തിനുള്ള തയാറെടുപ്പുകള്‍ നടത്തിയത്. ജൂണ്‍ എട്ടിന് ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയില്‍ മിന്നലാക്രമണം നടത്തി. 70 – 80 ഭീകരരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിനായി ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ചില്ല. എന്നാല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ ഉപയോഗിക്കുന്നതിനായി ഹെലിക്കോപ്റ്ററുകള്‍ തയാറാക്കി നിര്‍ത്തിയിരുന്നു – പരീക്കര്‍ പറഞ്ഞു.
ഇതിനായി കൂടുതല്‍ സൈനികര്‍ക്ക് പരിശീലനം നല്‍കുകയും മുന്‍ഗണനാ ക്രമത്തില്‍ ആയുധങ്ങള്‍ വാങ്ങുകയും ചെയ്തു. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത സ്വാതി ആയുധ നിര്‍ണയ റഡാര്‍ ഉപയോഗിച്ചാണ് പാക് മേഖലകള്‍ കണ്ടെത്തിയതെന്ന് പരീക്കര്‍ വ്യക്തമാക്കി.
Discussion about this post