കൊല്‍കത്ത: പശ്ചിമബംഗാളില്‍ കന്യാസ്ത്രീ കൂട്ട ബലാത്സംഗത്തിനിരയായ കേസില്‍ അറസ്റ്റിലായ പ്രതിക്കു വേണ്ടി അഭിഭാഷകര്‍ ആരും ഹാജരാകില്ലെന്ന് റാണാഘട്ട് ബാര്‍ അസോസിയേഷന്. ക്രൂരവും, മനുഷ്യത്വഹീനമായ പ്രവൃത്തി ചെയ്ത പ്രതിക്കു വേണ്ടി വാദിക്കാന്‍ അസോസിയേഷനിലെ അഭിഭാഷകരാരും ഹാജരാകില്ലെന്ന് റാണാഘട്ട് ബാര്‍ അസോസിയേഷന് സെക്രട്ടറി മിലന് സര്‍ക്കാര്‍ അറിയിച്ചു.
കന്യാസ്ത്രീയെ മാനഭംഗം ചെയ്ത കേസിലെ ഒരു പ്രതിയെ ബുധനാഴ്ച രാത്രിയില്‍ മുംബൈയില്‍ നിന്ന് പിടികൂടിയിരുന്നു. പ്രതിയായ മുഹമ്മദ് സലിം എന്നയാളെയാണ് സി.ഐ.ഡി പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണ് ഇത്. വ്യാഴാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
അതേസമയം പ്രതിക്ക് ബാര്‍ അസോസിയേഷനിലെ അഭിഭാഷകരുടെ സഹായം ലഭിച്ചില്ലെങ്കില്‍ സബ് ഡിവിഷന് ലീഗല്‍ എയിഡ് കമ്മറ്റിയുടെ നിയമസഹായം ലഭിക്കും.
കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പാണ് മഠത്തിനുള്ളില്‍ കടന്ന് 75 വയസുള്ള കന്യാസ്ത്രീയെ മോഷണ സംഘം കൂട്ടബലാല്‍സംഗം ചെയ്തത്. പുലര്‍ച്ചെ കോണ്‍വന്റില്‍ കടന്ന അക്രമിസംഘത്തെ തടയാന്‍ ശ്രമിക്കുമ്പോഴായിരുന്നു പ്രതികള്‍ കൃത്യം ചെയ്തത്.
Discussion about this post