ഡല്‍ഹി: രാജ്യസഭാ എംപി സ്ഥാനം രാജിവെക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. ദളിതര്‍ക്കെതിരായുള്ള ആക്രമണങ്ങള്‍ രാജ്യസഭ ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് രാജി തീരുമാനിച്ചിരിക്കുന്നതെന്ന് അവര്‍ അറിയിച്ചു. രാജ്യസഭയിൽ സംസാരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് രാജ്യസഭയിൽ നിന്ന് ഇറങ്ങി പോയിരുന്നു. ഇതിന് പിന്നാലെയാണ് മായവതി രാജിസന്നദ്ധത അറിയിച്ചത്. പശുസംരക്ഷണത്തിന്റെ പേരിൽ രാജ്യവ്യാപകമായി ദളിതർക്കു നേരെ അക്രമം നടക്കുകയാണ്. ഈ വിഷയം സഭയിൽ ചർച്ച ചെയ്യാൻ ശ്രമിച്ചാൽ വായ മൂടിക്കെട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മായാവതി മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തേ, ദളിത് പീഡനം ചൂണ്ടിക്കാട്ടി മായാവതി രാജ്യസഭയിൽ സംസാരിക്കാൻ അനുമതി തേടിയിരുന്നു. വിഷയത്തിൽ മൂന്നു മിനിറ്റാണ് മായാവതിക്കു സംസാരിക്കാൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ അനുവദിച്ചത്. എന്നാൽ ദളിതർക്കുനേരെയുണ്ടാകുന്ന അക്രമത്തെക്കുറിച്ച് മൂന്ന് മിനിറ്റിൽ പറഞ്ഞാൽ അവസാനിക്കുന്നതല്ലെന്നും കൂടുതൽ സമയം നൽകണമെന്നും മായാവതി ആവശ്യപ്പെട്ടു. എന്നാൽ വിഷയം ഉന്നയിക്കാൻ മാത്രമേ പറ്റുകയുള്ളു എന്ന രാജ്യസഭാ ഉപാധ്യക്ഷന്റെ മറുപടിയാണ് മായാവതിയെ പ്രകോപിപ്പിച്ചത്.
ഇതിനേ തുടർന്ന് മായാവതി രാജി ഭീഷണിയുമായി രാജ്യസഭയിൽനിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
Discussion about this post